cocount

അടിമാലി: കീട ശല്യവും രോഗബാധയും രൂക്ഷമായതോടെ ഹൈറേഞ്ചിൽ നിന്നും തെങ്ങുകൃഷിയും പടിയിറങ്ങുന്നു.വലിയ തോതിൽ നശിച്ച് പോയതോടെ ഹൈറേഞ്ചിലെ പല കൃഷിയിടങ്ങളിൽ നിന്നും തെങ്ങുകൾ അന്യമായിക്കഴിഞ്ഞു.തെങ്ങു കയറ്റ തൊഴിലാളികളെ ലഭിക്കാനില്ലാത്തത് തെങ്ങ് പരിപാലനത്തിന് തിരിച്ചടിയാകുന്നുണ്ട്.മണ്ടരിയും മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുകയും കൂമ്പ് തീർന്ന് തെങ്ങുകൾ ഉണങ്ങി നശിക്കുകയും ചെയ്യുന്നത് വെല്ലുവിളി ഉയർത്തുന്നു.ജില്ലയിലെ ഭൂരിഭാഗം കൂടുംബങ്ങൾക്കും കറിക്കരക്കുവാൻ തേങ്ങ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടുന്ന സാഹചര്യമുണ്ട്.തമിഴ്‌നാട്ടിൽ നിന്നും അയൽജില്ലകളിൽ നിന്നുമൊക്കെയാണ് തേങ്ങ ഹൈറേഞ്ചിലേക്കെത്തുന്നത്.തെങ്ങുകൾ വ്യാപകമായി നശിക്കുന്ന സാഹചര്യത്തിൽ പുതിയതായി കൃഷി പുനരാരംഭിക്കാൻ കർഷകർക്ക് സർക്കാർ സഹായം ലഭ്യമാക്കേണ്ടിയിരിക്കുന്നു..തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം തെങ്ങ് പരിപാലനത്തിന് തിരിച്ചടിയാകുന്നുവെന്നിരിക്കെ കുള്ളൻ തെങ്ങിൻ തൈകൾ കർഷകർക്ക് എത്തിച്ച് നൽകാൻ നടപടി വേണമെന്നുള്ള ആവശ്യവും കർഷകർ മുമ്പോട്ട് വയ്ക്കുന്നുണ്ട്.