പാലാ : നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇത്തവണ സ്ഥിരം ജീവനക്കാരുടെ ശമ്പളവും മുടങ്ങിയേക്കും. താത്കാലിക ജീവനക്കാർ ഉൾപ്പെടെ 75 ജീവനക്കാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് ശമ്പളവും പിരിഞ്ഞുപോയവർക്ക് പെൻഷനും ഉൾപ്പെടെ പ്രതിമാസം 40 ലക്ഷം രൂപ വേണം. കറന്റ് ചാർജ്, വെള്ളം, വാഹന ഇന്ധന ചെലവ് ഉൾപ്പെടെ മാസം 55 ലക്ഷം രൂപയുണ്ടെങ്കിലേ നഗരസഭയുടെ പ്രവർത്തനം സുഗമമായി നടക്കൂ.
എന്നാൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 22 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ഇത് ശുചീകരണ വിഭാഗം ജീവനക്കാർക്കും, താത്കാലിക ജീവനക്കാർക്കും ശമ്പളവും കണ്ടിജന്റ് ജീവനക്കാരുടെ പെൻഷനും റഗുലർ ജീവനക്കാരായിരുന്നവരുടെ പെൻഷനും കൊടുക്കാനേ തികയൂ . ശമ്പളം പോലും കൊടുക്കാൻ കഴിയാതെ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇന്നലെ മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസ് ജീവനക്കാരുടെ അടിയന്തിര യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശദീകരിച്ചു.
ലോക്ക് ഡൗൺ കാരണം വാടകയും നികുതികളും ലഭിക്കാതെ വന്നതാണ് കടുത്ത പ്രതിസന്ധിക്ക് കാരണം. പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്ത വകയിൽ സർക്കാരിൽ നിന്ന് 7 കോടിയോളം രൂപ വർഷങ്ങളായി കിട്ടാനുണ്ട്. ഇത് കുറച്ചെങ്കിലും കിട്ടിയെങ്കിൽ ഒരുപരിധിവരെ പ്രതിസന്ധിക്ക് പരിഹാരമാകും
മേരി ഡൊമിനിക്, നഗരസഭാ ചെയർപേഴ്‌സൺ
ഓണറേറിയം മുടങ്ങിയിട്ടില്ല
ജീവനക്കാർക്ക് ശമ്പളമില്ലെങ്കിലും കൗൺസിലർമാരുടെ ഓണറേറിയം ഇതുവരെ മുടങ്ങിയിട്ടില്ല. ഓണറേറിയം ഇനത്തിൽ മാത്രമായി പ്രതിമാസം 2 ലക്ഷത്തോളം രൂപ വേണം. കഴിഞ്ഞ മാസത്തെ വരെയുള്ള ഓണറേറിയം വിതരണത്തിന് തയ്യാറായി.
ആകെ ജീവനക്കാർ : 75
പ്രതിമാസം വേണ്ടത് : 55 ലക്ഷം
അക്കൗണ്ടിലുള്ളത് : 22 ലക്ഷം