കോട്ടയം: കോട്ടയം സാധാരണ നിലയിലേക്ക്. ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ റോഡിലിറങ്ങി. ഓട്ടോറിക്ഷകളും കൂടുതലായി എത്തി. കടകളും തുറന്നു പ്രവർത്തിച്ചു തുടങ്ങി. ഇതോടെ നഗരത്തിൽ ജനത്തിരക്ക് വർദ്ധിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മിഴിയണച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങി. അതേസമയം അനുവദിച്ചിട്ടുള്ള ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും അതിജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ പി.കെ സുധീർബാബു അറിയിച്ചു.
കൊവിഡ് 19 നെതുടർന്ന് ഗൾഫിൽ അകപ്പെട്ട 13 പേർ ഇന്നലെ അർദ്ധരാത്രിയോടെ കോട്ടയത്ത് എത്തി. ഇതിൽ ആറ് ഗർഭിണികളും രണ്ട് കുട്ടികളും 77 വയസുള്ള വയോധികനും ഉൾപ്പെടുന്നു. ഇവരെ വീടുകളിൽ ക്വാറന്റെയിലാക്കി. ബാക്കിയുളള നാലു പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ട 500 പേർ ഇതിനോടകം വിവിധ ചെക്ക്പോസ്റ്റുകൾ വഴി കോട്ടയത്തെത്തി. കുമളി ചെക്ക്പോസ്റ്റ് വഴി എത്തിയത് 147 പേരാണ്. അതേസമയം ജില്ലയിലെ ഹോട്ട്സ്പോട്ടുകളിൽ ഇളവുകൾ അനുവദിച്ചിട്ടില്ല. കോട്ടയം നഗരസഭയിലെ സംക്രാന്തി രണ്ടാം ഡിവിഷൻ, മുട്ടമ്പലം 18-ാം വാർഡ്, മണർകാട് പഞ്ചായത്തിലെ 10, 15 വാർഡുകൾ, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാർഡ്, വെള്ളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ഇപ്പോൾ ആരും ചികിത്സയിൽ ഇല്ല. ഇന്നലെ ജില്ലയിൽ 20 പേർ രോഗവിമുക്തരായി. 1780 പേർ ഹോംക്വാറന്റെയിൽ കഴിയുന്നുണ്ട്.
ഇടുക്കിയും സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. അടുത്തയിടെ ഒറ്റയടിക്ക് 14 പേർക്ക് വൈറസ് ബാധിച്ചതോടെയാണ് ഇടുക്കി റെഡ്സോണിലായത്. തുടർച്ചയായി പത്താം ദിവസവും രോഗബാധിതരില്ലാത്തതിനാലാണ് ജില്ലാ കളക്ടർ ഇളവുകൾ അനുവദിച്ചത്. പതിനാലുപേരും ഐസൊലേഷൻ വാർഡിൽ നിന്നും വീടുകളിലേക്ക് മടങ്ങി. ഇതിൽ ഒരാളെ കോട്ടയം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളെ നാലു ദിവസം മുമ്പ് രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടക്കിയയച്ചു.
ഇന്ന് രാവിലെ ജില്ലയിലെ റോഡുകളിലെല്ലാം കൂടുതൽ വാഹനങ്ങൾ പ്രത്യക്ഷപ്പെട്ടു. കടകമ്പോളങ്ങളും തുറന്നുപ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിലും ആളുകൾ എത്തിത്തുടങ്ങി. തേയിലത്തോട്ടങ്ങളിൽ കൊളുന്ത് എടുക്കാനും തൊഴിലാളികൾ എത്തി. ഇതോടെ ജില്ല ചുരുക്കിപ്പറഞ്ഞാൽ ഉഷാറിലായി. ഏലപ്പാറ പഞ്ചായത്തിലെ 11, 12, 13 വാർഡുകൾ, വണ്ടൻമേട് പഞ്ചായത്തിലെ 12, 14 വാർഡുകൾ, ശാന്തൻപാറ പഞ്ചായത്തിലെ 8-ാം വാർഡ് എന്നിവ ഹോട്ട്സ്പോട്ടുകളാണ്.