പൊൻകുന്നത്ത് നടന്ന ഒരു ലോക്ക്ഡൗൺ കല്യാണവും തുടർന്നുള്ള വിരുന്നും അധികമാരും അറിയാത്ത വലിയ തമാശയായി മാറി. കല്യാണം ലോക്ക്ഡൗൺ കാലത്തായിരുന്നതുകൊണ്ട് ചടങ്ങുമാത്രമായിരുന്നു. ആകെ പങ്കെടുത്തത് പത്തുപേർ മാത്രം.അതുകൊണ്ടുതന്നെ വധൂവരന്മാരുടെ ആദ്യപണി അടുത്ത ബന്ധുക്കളെ വീട്ടിൽ ചെന്ന് പരിചയപ്പെടലായിരുന്നു.

അതിന്റെ ഭാഗമായാണ് വധുവിന്റെ കൊച്ചമ്മയുടെ വീട്ടിൽ മണവാളനും മണവാട്ടിയും എത്തിയത്. ലോക്ക് ഡൗൺകാലത്ത് അപ്രതീക്ഷിതമായി ഉച്ചയൂണിന്റെ സമയത്ത് കടന്നുവന്ന പുതുമണവാളനേയും മണവാട്ടിയേയും കണ്ട് കൊച്ചമ്മ ഞെട്ടി. സത്ക്കരിക്കാൻ വീട്ടിൽ ഒന്നുമില്ല!. മനസിലുള്ളതു മറച്ചുവച്ച് , നിറഞ്ഞ സന്തോഷഭാവത്തോടെ അവരെ സ്വീകരിച്ചു. വിശേഷങ്ങളൊക്കെ പങ്കുവെച്ച കൊച്ചമ്മ വധുവിനെ തഞ്ചത്തിൽ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ടു പറഞ്ഞു:
'നീ എന്തുപണിയാ പെണ്ണേ കാണിച്ചത്.ഒന്നു വിളിച്ചിട്ടു വരാൻ മേലായിരുന്നോ.ഇവിടാണെങ്കിൽ ഒന്നുമില്ല . ആകെയുള്ളത് റേഷൻ അരിയുടെ ചോറും ചക്കക്കുരു തോരനും മാത്രമാ.അതു കൂട്ടി അവനെങ്ങനെ ഊണുകൊടുക്കും.'
'അതു സാരമില്ല കൊച്ചമ്മേ ഞങ്ങളിപ്പം കഴിച്ചിട്ടു വന്നതേ ഉള്ളു.തന്നയെയുമല്ല ഉടനേ പോവുകയും വേണം.' എന്നായി മണവാട്ടി.
'എന്നാലും അങ്ങനെയാണോ പെണ്ണേ, ആദ്യമായിട്ടു വന്നതല്ലേ .ഒരു കാര്യം ചെയ്യാം, അവന്റെ മുന്നിൽ ഞാൻ നിങ്ങളെ ഒരുപാട് നിർബ്ബന്ധിക്കും ചോറുണ്ണാൻ. വേണ്ട, വേണ്ട എന്ന് നീ പറയണം ഒരു കാരണവശാലും അവനെക്കൊണ്ട് ചോറുണ്ണാൻ സമ്മതിക്കരുത് കേട്ടോ.'
ഗൂഢപദ്ധതിയൊക്കെ തയ്യാറാക്കി പൂമുഖത്തേയ്ക്കു വന്ന കൊച്ചമ്മ മക്കളെ ഉണ്ണാൻ നിർബ്ബന്ധിച്ചു.

'വേണ്ട കൊച്ചമ്മേ ഞങ്ങള് പിന്നൊരിക്കൽ വരാം' എന്നു മകളും പറഞ്ഞു.

'അതു പറ്റില്ല ഇവിടെവരെ വന്നിട്ട് ചോറുണ്ണാതെ ഞാൻ വിടത്തില്ല.' കൊച്ചമ്മ കടുത്തഭാവാഭിനയത്തിലേയ്ക്ക് കടന്നു.
'മോനേ, കൈ കഴുക് .നല്ല ഒന്നാംതരം പുഴമീൻ വറുത്തതും കോഴിയിറച്ചിക്കറിയുമുണ്ട്. ഉണ്ടിട്ടു പോയാൽ മതി'

ഇത്രയുമായതോടെ കൊച്ചമ്മയുടെ സ്‌നേഹത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ വരൻ പറഞ്ഞു: 'ഇത്രയും നിർബന്ധിച്ചതല്ലേ, എന്നാൽ അല്പം ഉണ്ടിട്ടു പോകാം.' അയാൾ കൈ കഴുകാനായി എഴുന്നേറ്റു.

അതോടെ കൊച്ചമ്മയുടെ നെഞ്ചിൽ വെള്ളിടി മിന്നി. അതു കണ്ടറിഞ്ഞ മണവാട്ടി , ഭർത്താവിന്റെ കൈയും പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു. ഒരു ഒന്നൊന്നര ഓട്ടം.