payippadu

കോട്ടയം: പശ്ചിമ ബംഗാളിൽ കോവിഡ്-19 വൈറസ് ബാധയിൽ കൂടുതൽ മരണങ്ങൾ തുടരുന്നതോടെ കേരളത്തിലെ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മടക്കയാത്ര നീളും. പായിപ്പാട് വിവിധ ക്യാമ്പുകളിൽ കഴിയുന്ന ബംഗാളികളായ തൊഴിലാളികൾ ഇതോടെ അസ്വസ്ഥതയിലായി. പൊലീസ് രഹസ്യാന്പേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ജില്ലാ പൊലീസ് മേധാവി ജി.‌ ജയദേവ് ക്യാമ്പിലെത്തി ബംഗാൾ സ്വദേശികളുമായി ആശയവിനിമയം നടത്തി. ഇവരുടെ കോൺട്രാക്ടർമാരെയും ജില്ലാപൊലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മടങ്ങിവരവിൽ ബംഗാൾ സർക്കാർ ഇതുവരെയും ഗ്രീൻ സിഗ്നൽ നല്കിയിട്ടില്ല.

ഇതോടെ റെയിൽവേ അധികൃതരും തത്ക്കാലം ട്രെയിൻ അയക്കാൻ തയാറായിട്ടില്ല. ബംഗാൾ സർക്കാരിന്റെ അനുമതി കിട്ടിയാൽ മാത്രമേ കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കുകയുള്ളു. ലോക്ക്ഡൗണിൽ അല്പം അയവ് വന്നതോടെ കുറച്ചു തൊഴിലാളികൾ ജോലിക്ക് പോവുന്നുണ്ട്. 4600 തൊഴിലാളികളാണ് പായിപ്പാട് ഇപ്പോഴുള്ളത്. ജോലിയുള്ളവർക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് നിർബന്ധമില്ല. എന്നാൽ ജോലി ഇല്ലാതെ ക്യാമ്പുകളിൽ കഴിയുന്നവരാണ് നാട്ടിലേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്നത്. ബിൾഡേഴ്സിനുള്ള കമ്പി, സിമന്റ്, കരിങ്കല്ല്, മെറ്റൽ, മണൽ എന്നിവ ലഭ്യമാക്കിയാൽ മുക്കാൽപങ്ക് തൊഴിലാളികൾക്കും ജോലി കൊടുക്കാൻ സാധിക്കുമെന്ന് കോൺട്രാക്ടർമാർ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ ബംഗാളിലേക്ക് വിടാനുള്ള ആദ്യനടപടി ചങ്ങനാശേരി പൊലീസ് സ്വീകരിച്ചിരുന്നു.

കോവിഡ് രോഗം ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. ഇല്ലെന്ന് ബോദ്ധ്യപ്പെട്ടവർക്ക് എൻ.ഒ.സി നല്കിയിരുന്നു. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കാർഡുകൾ വിതരണം ചെയ്തത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇതിനോടകം 4,000 പേരുടെ പരിശോധന നടത്തിയിരുന്നു. ഒരു ട്രെയിനിൽ 1200 പേരെയാവും അയയ്ക്കുക. എന്നാൽ ഉടൻ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരുകൂട്ടം അന്യസംസ്ഥാന തൊഴിലാളികൾ തെരുവിൽ ഇറങ്ങിയിരുന്നു. പൊലീസ് ഉടൻ എത്തി ഇവരെ ക്യാമ്പുകളിലേക്ക് മടക്കിയിരുന്നു.