കോട്ടയം: സക്കറിയ പൊൻകുന്നം പ്രശസ്ത ഫോട്ടോഗ്രാഫർ. രാജേഷ് മണിമല പൊലീസിലെ ചിത്രകാരൻ. രണ്ട് പേരും മുന്നോട്ട് വച്ച ചലഞ്ച് ജനപ്രിയമായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമൊഴുകാൻ തുടങ്ങി.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ പൊൻകുന്നം വെച്ചൂർ സക്കറിയ യാത്രാപ്രേമികൂടിയാണ്. യാത്രയിലുടനീളം പകർത്തിയ ചിത്രങ്ങളുടെ വൻശേഖരമുപയോഗിച്ചാണ് സഹായമെത്തിക്കുന്നത്. കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും സംഭാവന ചെയ്തതിന്റെ രസീത് 9447105241 എന്ന നമ്പരിൽ വാട്സാപ്പ് ചെയ്താൽ ഓഫീസിലോ, വീട്ടിലോ തൂക്കാവുന്ന മനോഹരമായ പ്രകൃതിദൃശ്യം പ്രിന്റ് എടുക്കാവുന്ന ഗുണമേൻമയിൽ മെയിൽ അയച്ചുകൊടുക്കും. സംഭവം ക്ളിക്കായപ്പോൾ ഇതുവരെ 82,500 രൂപയെത്തി. 20 പേരാണ് സക്കറിയയിൽ നിന്ന് ചിത്രം വാങ്ങിയത്. മൂന്ന് പേർ പതിനായിരം രൂപ സംഭാവന ചെയ്തവരാണ്. ഒരു ലക്ഷം രൂപയെങ്കിലും സ്വരൂപിക്കാനാവുമെന്നാണ് സക്കറിയയുടെ പ്രതീക്ഷ.
കോട്ടയം ജില്ലാ പൊലീസിലെ രേഖാചിത്രകാരനായ മണിമല പുത്തൻവീട്ടിൽ രാജേഷ് പതിറ്റാണ്ടുകളായി 'വരച്ചവരയിലാണ്'. മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ളോമ നേടി പൊലീസിലെത്തി. വിവാദമായ പല കേസുകൾക്കും പ്രതികളുടെ രേഖാചിത്രംവരച്ച് തുമ്പുണ്ടാക്കി. പെൻസിൽ ഡ്രോയിംഗ്, ചുവർചിത്രം, വാട്ടർകളർ ഇങ്ങനെ വരച്ചെടുത്ത പതിനായിരത്തിലേറെ ചിത്രങ്ങൾ ശേഖരത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലും നൽകിയതിന്റെ രസീത് 9495165283 എന്ന വാട്സാപ്പ് നമ്പരിൽ അയച്ചാൽ ഒരു പെയിന്റിംഗ് സമ്മാനമായി നൽകും. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിൽ അഞ്ഞൂറ് രൂപ സംഭാവന ചെയ്തവരുടെ കളർ ചിത്രം വരച്ചുകൊടുത്തത് വിജയമായതോടെയാണ് ഇക്കുറി തുക അൽപ്പം കൂട്ടിയത്. വരച്ച് പണമെത്തിക്കുക മാത്രമല്ല സാലറി ചലഞ്ചിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.