കോട്ടയം: രാത്രി അബുദാബിയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോട്ടയം ജില്ലക്കാരിൽ എട്ട് പേരെ കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ വീട്ടിലേയ്ക്ക് അയച്ചു. റിട്രീറ്റ് സെന്ററിലുള്ളത് അഞ്ചു പുരുഷൻമാരും മൂന്നു സ്ത്രീകളും .
തലയോലപ്പറമ്പ് സ്വദേശിയായ 64 കാരൻ, ഭാര്യ (56), അമയന്നൂർ സ്വദേശി (40), പനച്ചിക്കാട് സ്വദേശി (39), പള്ളം സ്വദേശി (36), അതിരമ്പുഴ സ്വദേശി (29) അതിരമ്പുഴ സ്വദേശിനി (53), കറുകച്ചാൽ സ്വദേശിനി (51) എന്നിവരാണ് സർക്കാർ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കൊപ്പമെത്തിയ മൂന്നു ഗർഭിണികളും ഇവരിൽ ഒരാളുടെ മാതാവും ഒരുവയസുള്ള കുട്ടിയും 77 വയസുള്ള സ്ത്രീയുമാണ് വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോയത്. ഇവർക്കെല്ലാം ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുണ്ട്.
ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനുള്ള ചുമതല കുറുപ്പുന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ്. ഇതിനായി രണ്ട് ഹെൽത്ത് വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എല്ലാ ദിവസവും ഇവിടെ എത്തി ആരോഗ്യ സ്ഥിതി വിലയിരുത്തും. ഇവിടെ താമസിക്കുന്നവർക്ക് അവശ്യ സന്ദർഭങ്ങളിൽ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെടാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് മാഞ്ഞൂർ പഞ്ചായത്താണ്. മാഞ്ഞൂർ വില്ലേജ് ഓഫീസർക്കാണ് മേൽനോട്ടച്ചുമതല
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവരെത്തിയത്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരും ഇവർക്കൊപ്പമുണ്ടായിരുന്നു. അവരെ പത്തനംതിട്ടയിൽ ക്വാറന്റയിനിലാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 672പേർ
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലക്കാരായ 672പേർ ഇതുവരെ സംസ്ഥാനത്തത്തി.
ജില്ലയിലേയ്ക്ക് വരാനുള്ള 797 പേർക്കാണ് ഇതുവരെ പാസ് നൽകിയത്. ഇനി 693 അപേക്ഷകൾ പരിഗണിക്കാനുണ്ട്.
ചെക്ക്പോസ്റ്റുകൾ വഴി വന്നവർ
ആര്യങ്കാവ് -57
ഇഞ്ചിവിള -8
കുമളി- 182
മഞ്ചേശ്വരം- 84
മുത്തങ്ങ- 27
വാളയാർ- 314