കോട്ടയം: പാറമ്പുഴ ബത്ലഹേം പള്ളിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പള്ളിയിലെ കൈക്കാരൻ പിടിയിൽ. തെള്ളകം കുറുപ്പന്തറ മുകളേൽ ഡീജു ജേക്കബിനെ (45)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. 2019 ആഗസ്റ്റ് മുതൽ 2020 ഫെബ്രുവരിവരെയുള്ള കാലയളവിൽ പള്ളിയിൽ നിന്ന് കുമാരനല്ലൂർ കാത്തലിക് സിറിയൻ ബാങ്കിൽ അടയ്‌ക്കാൻ ഏൽപ്പിച്ച പണം വ്യാജ സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കി തട്ടിയെടുക്കുകയായിരുന്നു. ഇതിനായി ബാങ്കിൻ്റെ വ്യാജ സീലും ഇയാൾ തയ്യാറാക്കി. ജനുവരിയിൽ പെരുന്നാളിനോടനുബന്ധിച്ച് പെയിൻ്റിംഗ് ജോലികൾക്കായി നൽകിയ പണത്തിൽ തട്ടിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് തട്ടിപ്പും വെളിവായത്. പൊലീസ് ഇയാളെ ഇന്നലെ പള്ളിയിൽ എത്തിച്ച് തെളിവെടുപ്പു നടത്തി.
പാസിനു ശ്രമിച്ച് കുടുങ്ങി
തട്ടിപ്പു നടത്തി മുങ്ങിയ കൈക്കാരൻ പിടിയിലായത് ലോക്ക് ഡൗൺ പാസ് എടുക്കാനുള്ള ശ്രമത്തിനിടെ . കണ്ണൂരിൽ നിന്ന് നാട്ടിലേയ്‌ക്കു പോരാനായി ഡിജു പാസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നി പൊലീസ് പിടികൂടി ചോദ്യം ചെയ്തതും തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞതും.