കോട്ടയം: ലോക്ക് ഡൗണിൽ ബാർബർഷോപ്പുകൾ അടച്ച് ഒന്നരമാസമായതോടെ വലഞ്ഞത് തൊഴിലാളികൾ മാത്രമല്ല മുടി വളർന്ന നാട്ടുകാരുമാണ്. സ്വന്തമായി ട്രിമ്മർ ഉള്ളവർ ഭാര്യയുടെയും മക്കളുടെയും കാല് പിടിച്ചും പ്രലോഭനങ്ങളിൽ വീഴ്ത്തിയും തല മൊട്ടയടിച്ചു. മൊട്ടയടിക്കാനുള്ള ജാള്യതയിൽ മുടി വളത്തിയവർ അസ്വസ്ഥതയോടെ നടക്കുകയാണ്.
സാമൂഹ്യ വ്യാപനത്തിന് സാദ്ധ്യതയുള്ള സ്ഥലമെന്നതിനാലാണ് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് തുറക്കാൻ തീരുമാനിച്ചെങ്കിലും കേന്ദ്രം കർശന നിലപാട് എടുത്തതോടെ തീരുമാനം മാറ്റി. വീടുകളിൽ പോയി മുടിവെട്ടാൻ സർക്കാർ അനുമതി നൽകിയെങ്കിലും സംഘടന താത്പര്യം കാണിക്കാതെ വന്നതോടെ പരസ്യമായി പോകാൻ കഴിയാതെ വന്നു. ജീവിക്കാൻ മാർഗമില്ലാതെ വന്നതോടെ ചെറുകിട ബാർബർമാർ രഹസ്യമായി വീടുകയറിയുള്ള മുടിവെട്ടിന് തയ്യാറായിട്ടുണ്ട്.
മൊബൈലിൽ ബുക്കിംഗ്
മുടിവെട്ടണമെങ്കിൽ മൊബൈലിൽ വിളിച്ച് ദിവസവും സമയവും ബുക്ക് ചെയ്യണം. ബാർബർ വീട്ടിൽ വരും .ആദ്യം തന്റെ മുടി വെട്ടണമെന്ന ഉദ്ദേശത്തോടെ പലരും പുലർച്ചെയാണ് ബുക്കിംഗ്. മുഖാവരണം ധരിച്ച ബാർബർ കത്രികയും ചീപ്പും റേസറും കൊണ്ടു വരും . തോർത്തോ ടവ്വലോ സോപ്പോ ഡെറ്റോളോ ഹാൻഡ് റബ്ബോ മുടി വെട്ടുന്നയാൾ കരുതണം. എ.സി ബാർബർ ഷോപ്പിൽ പോയവരും വീട്ടിൽ മുറ്റത്ത് കസേരയിട്ടിരുന്നാണ് മുടിവെട്ടിക്കുന്നത് . ഷോപ്പിൽ മുടി ബാർബർ തൂത്തു മാറ്റുമെങ്കിൽ വീടുകളിലെത്തുമ്പോൾ അത് വീട്ടുകാരുടെ ജോലിയാണ്.
മിനിമം 100രൂപ
സാധാരണ കടയിൽ പോയി മുടിവെട്ടുന്നതിന് 80 രൂപ ഈടാക്കിയിരുന്നത് വീട്ടിലെത്തുമ്പോൾ 100ഉം 150ഉം ആകും. മുന്തിയ കടകളിൽ എ.സി കുളിർമ ആസ്വദിച്ച് 150 രൂപ കൊടുത്തുവന്നവർ വീട്ടു മുറ്റത്ത് വെയിലു കൊണ്ടിരുന്നാലും 200 നൽകും. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തുക കൂടിയും കുറഞ്ഞുമിരിക്കും. രഹസ്യമായി കടയുടെ മുൻഭാഗം അടച്ചിട്ട് മുടിവെട്ടുന്നവരുമുണ്ട്. ഇത് പുലർച്ചയും രാത്രി വൈകിയുമാണ്. പൊലീസിനെ പേടിച്ചുള്ള ഈ വെട്ടിന് തുക കൂടും.
ബാർബർഷോപ്പ് തുറക്കുന്നതുകൊണ്ട് രോഗ വ്യാപനമുണ്ടാകുമെന്ന പ്രചാരണം ശരിയല്ല. പുതയ്ക്കാനുള്ള തുണി ഓരോരുത്തർക്കും മാറ്റാറുണ്ട്. കത്രികയും റേസറുമൊക്കെ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിച്ചാൽ ഒരു സുരക്ഷാ പ്രശ്നവുമില്ല. ഒന്നരമാസമായി കട അടഞ്ഞുകിടക്കുന്നതുകൊണ്ട് പലരുടെയും ജീവിതം വഴിമുട്ടി. കുറച്ചു പേർമാത്രമാണ് വീടുകളിൽ പോയി മുടി വെട്ടുന്നത്. കൂടുതൽ പണം കിട്ടിയാലും കടയിലുള്ളത്ര പണിയില്ല.
സരസൻ, ബാർബർ ഷോപ്പുടമ