പാലാ : പരമലക്കുന്ന്, വെള്ളഞ്ചൂർ മേഖലകളുടെ പൊതുവായ വികസനത്തിന് ആവശ്യമായ തുക അനുവദിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. പ്രദേശത്തെ ദുരവസ്ഥ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് എം.എൽ.എ നേരിട്ടെത്തി പ്രശ്‌നങ്ങൾ മനസിലാക്കിയത്. നിരവധി പരാതികൾ നൽകിയിട്ടും നഗരസഭാധികൃതർ ആവശ്യമായതൊന്നും ചെയ്തില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കുടിവെള്ള പ്രശ്‌നം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ തുടങ്ങിയ പരാതികളാണ് നാട്ടുകാർ പങ്കുവച്ചത്. കുഴൽക്കിണറുകൾ ഉൾപ്പെടെ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുറഞ്ഞത് 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപരേഖ തയ്യാറാക്കുന്നതെന്ന് നഗരസഭ പ്രതിപക്ഷ കൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടം പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർമാരായ റോയി ഫ്രാൻസിസ്, അഡ്വ.ബിനു പുളിയ്ക്കക്കണ്ടം, സുഷമ രഘു, സി.പി.എം പാലാ ലോക്കൽ സെക്രട്ടറി എ.എസ്.ജയപ്രകാശ്, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.