പാലാ : നഗരസഭയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നെന്ന കേരളകൗമുദി വാർത്തയിൽ മാണി സി. കാപ്പൻ എം.എൽ.എ ഇടപെട്ടു. ഇന്നലെ രാവിലെ പ്രതിപക്ഷ കൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടമാണ് വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ നഗരസഭ ഓഫീസിലെത്തിയ അദ്ദേഹം ചെയർപേഴ്‌സൺ മേരി ഡൊമിനിക്, കൗൺസിലർമാർ, ഉദ്യോഗസ്ഥമേധാവികൾ എന്നിവരുമായി ചർച്ച നടത്തി.
ഗുരുതരമായ ഈ സ്ഥിതിവിശേഷം നാളെത്തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുമെന്ന് എം.എൽ.എ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ശമ്പളം മുടങ്ങിയത് തങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ജീവനക്കാർ എം.എൽ.എയോട് പരാതിപ്പെട്ടു. നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വരുമാനത്തിലടക്കം കുറവ് വന്നതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നും ചെയർപേഴ്‌സണും ധരിപ്പിച്ചു.
സർക്കാരിന് കത്തയച്ചു
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിൽ നിന്ന് പെൻഷൻ ആനുകൂല്യമായി കിട്ടേണ്ട 7 കോടി രൂപയിൽ 3 കോടിയെങ്കിലും അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്‌സൺ മേരി ഡൊമിനിക്കും, സെക്രട്ടറി മുഹമ്മദ് ഹുവൈസും ചേർന്ന് നഗരസഭാ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇന്നലെ കത്തയച്ചു. നഗരസഭയിലെ ഓരോ മാസത്തേയും ഭരണച്ചെലവുകളും സാമ്പത്തിക പ്രതിസന്ധിയും കത്തിൽ വിശദമാക്കുന്നുണ്ട്.