ചങ്ങനാശേരി : ആലപ്പുഴ - ചങ്ങനാശേരി ജലഗതാഗത റൂട്ടിൽ കിടങ്ങറ കെ.സി പാലം മുതൽ ചങ്ങനാശേരി ചന്തക്കടവ് ബോട്ടുജെട്ടി വരെയുള്ള പോള അടിയന്തിരമായി നീക്കം ചെയ്യണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ്, ചങ്ങനാശേരി റസിഡന്റസ് അപ്പക്സ് കൗൺസിൽ ആവശ്യപ്പെട്ടു. മഴ ശക്തമായാൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയേറെയാണ്. കുട്ടനാട്ടിൽ നിന്ന് ചങ്ങനാശേരിയിലേക്ക് വാഹനഗതാഗതം നിലച്ചുകഴിഞ്ഞാൽ ഏക മാർഗ്ഗം ബോട്ടാണ്. പോള കൂടാതെ കനാലിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും ചെരിഞ്ഞ് നിൽക്കുകയാണ്. വടക്കൻ വെളിയനാട് മഠത്തിലാക്കൽ മുതൽ കുമരങ്കരി-ചങ്ങനാശേരി ജലപാതയും വെള്ളപ്പൊക്കത്തിന് മുമ്പ് ഗതാഗത യോഗ്യമാക്കണം. കെ.സി പാലത്തിന് സമീപത്ത് യാത്രക്കാർക്ക് ബോട്ടിൽ കയറുന്നതിന് ജെട്ടിയും, വഴി ലൈറ്റുകൾ സ്ഥാപിക്കുകയും വേണം. മേയ് അവസാന ആഴ്ചയിൽ കെ.സി പാലത്തിന് സമീപത്തും ചങ്ങനാശേരി ബോട്ടുജെട്ടിയിലും മെഡിക്കൽ സംഘത്തെ നിയമിക്കുന്നതിന് ആരോഗ്യവകുപ്പ് മുൻകൈ എടുക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.