നീലംപേരൂർ: ശക്തമായ കാറ്റിലും മഴയിലും വീട് പൂർണ്ണമായി തകർന്നു. നീലംപേരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വാസന്തി മുട്ടുംചിറയുടെ വീടാണ് വ്യാഴാഴ്ച്ചയുണ്ടായ കാറ്റിലും മഴയിലും പൂർണ്ണമായി നശിച്ചത്. സംഭവസമയം വീടിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. വാർഡ് മെമ്പർ പ്രിനോ ഉതുപ്പാന്റെ നേതൃത്വത്തിൽ അമ്മയും മൂന്ന് മക്കളും ഉൾപ്പെടുന്ന കുടുംബത്തെ താൽക്കാലികമായി നീലംപേരൂർ ഗവ.എൽ.പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക കിച്ചണിൽ നിന്നുമാണ് ഇവർക്ക് ആഹാരം എത്തിച്ചു കൊടുക്കുന്നത്. വില്ലേജ് അധികൃതർ സ്ഥലത്തെത്തി വീട് സന്ദർശിച്ചു.