കോട്ടയം : തദ്ദേശസ്ഥാപനങ്ങൾ, സാമൂഹിക വനവത്കരണ വിഭാഗം, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ മേയ്, ജൂൺ മാസങ്ങളിലായി 5 ലക്ഷം വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിന് 'തണലോരം'എന്ന പേരിൽ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ കോമ്പൗണ്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകൾ, നദികളുടെയും തോടുകളുടെയും തീരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വൃക്ഷത്തൈകൾ നടുന്നത്. ജില്ലാ പഞ്ചായത്തംഗങ്ങളും, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ചുമതലയുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ ഓഫീസർ പി.എസ് ഷിനോ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് കുമാർ തുടങ്ങിയവരുട നേതൃത്വത്തിലാണ് പദ്ധതി.
നട്ടുപിടിപ്പിക്കുന്നത് 40 ഇനം തൈകൾ
തേക്ക്, ഈട്ടി, ആഞ്ഞിലി, കമ്പകം തുടങ്ങിയ വൃക്ഷങ്ങളും ഫലദായകങ്ങളായ പ്ലാവ്, മാവ്, റംബൂട്ടാൻ, പേര, നെല്ലി, നാരകം, ഞാവൽ എന്നിവയും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, രക്തചന്ദനം, മണിമരുത്, ലക്ഷ്മിതരു, ബദാം, കണിക്കൊന്ന എന്നിവയുമുൾപ്പെടെ നടും.
തൈകൾ ഇവിടെ നിന്ന്
സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ജില്ലാ നഴ്സറികളായ കനകപ്പലം, ഇടയാഴം, വൈക്കം, പനക്കച്ചിറ, മൂത്തേടത്ത്കാവ്, തോട്ടുവക്കം
'' നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകൾക്ക് അഞ്ച് വർഷത്തേയ്ക്കുള്ള പരിപാലനവും തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പുവരുത്തിയിട്ടുണ്ട്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്