കോട്ടയം : സർവീസ് നടത്താൻ താത്പര്യമില്ലെന്ന് കാട്ടി ബസ് ഉടമകൾ ജി ഫോം നൽകിയപ്പോൾ ആശങ്കയിലായത് ജില്ലയിലെ ഏഴായിരത്തോളം തൊഴിലാളികളാണ്. ലോക്ക് ഡൗണിന് ശേഷം ഓടാൻ അനുമതി കിട്ടിയാലും ജി ഫോം നൽകിയതിനാൽ ബസുകൾ ഉടനെയൊന്നും നിരത്തിലിറങ്ങില്ല.

നികുതിയിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായാലേ ബസുകൾ സർവീസ് നടത്തൂ. നിരത്തിലിറക്കിയാൽ തന്നെ ആളുകൾ പൊതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നതാണു തൊഴിലാളികളുടെ ആശങ്ക. എല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും ബസ് വ്യവസായത്തിന്റെ കാര്യത്തിൽ ഇതൊന്നും പ്രായോഗികമാവില്ലെന്ന് ജീവനക്കാർ പറയുന്നു. നിരക്ക് വർദ്ധിപ്പിക്കാൻ ഉടമകൾ സമരത്തിന്റെ വക്കിൽ നിൽക്കുമ്പോഴായിരുന്നു ലോക്ക്ഡൗൺ. ബസ് അറ്റകുറ്റപ്പണിക്ക് വഴി തേടുന്ന ഉടമയോട് വേണം ഓടാത്ത ദിവസങ്ങളിലെ വേതനം ചോദിക്കാൻ.

ക്ഷേമനിധിയും കിട്ടില്ല

തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം കൃത്യമായി അടച്ചവർക്ക് 5000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ബസ് തൊഴിലാളികളിൽ 20 ശതമാനംപോലും വിഹിതം അടച്ചിട്ടില്ലാത്തതിനാൽ ആനുകൂല്യവും കിട്ടിയില്ല. ഡീസൽ നികുതി ഉൾപ്പെടെ സർക്കാരിനുള്ള വരുമാനത്തിൽ കുറവു വരുത്തിയാൽ മാത്രമേ ബസ് വ്യവസായത്തിന് മുന്നോട്ടു പോകാനാവൂ എന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. വർക്ക്‌ഷോപ്പ്, അപ്‌ഹോൾസ്റ്ററി പെയിന്റിംഗ് വർക്സ് മേഖലകളിലെ ആയിരത്തോളം തൊഴിലാളികളും ബസുകൾ നിരത്തിൽ ഇറങ്ങാത്തതിനാൽ ജോലിയില്ലാതെ കഴിയുകയാണ്.

 ''ആദ്യസമയങ്ങളിൽ മുതലാളി സഹായിച്ചിരുന്നു. പക്ഷേ, എപ്പോഴും അത് പ്രായോഗികമല്ലല്ലോ. ഞങ്ങളിൽ പലരുടേയും റേഷൻ കാർഡ് പോലും നീലയാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല''

അനൂപ്, ബസ് ഡ്രൈവർ