കോട്ടയം : സ്കൂളുകളിൽ മണിമുഴക്കം ഇനി എന്നുണ്ടാകുമെന്ന് വ്യക്തയില്ലാത്തതിനാൽ പുത്തൻ അദ്ധ്യയന വർഷത്തേയ്ക്കുള്ള കാത്തിരിപ്പിലാണ് കരുന്നുകൾ. ക്ലാസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുമ്പോൾ പുത്തനുടുപ്പും വർണക്കുടകളും ട്രെൻഡി ബാഗുമൊക്കെയായി ഉഷാറാകേണ്ട സ്കൂൾ
വിപണിയും ലോക്കിലായി.
ജൂണിൽ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ സാധാരണ ഈ സമയം വിപണി ഉഷാറാവേണ്ടതാണ്. എന്നാൽ ഇത്തവണ കാര്യങ്ങളൊക്കെ മാറി മറിഞ്ഞു. കൊവിഡ് ഭീതിക്കും ലോക് ഡൗണിനുമിടയിൽ വിപണിക്ക് തെളിച്ചമില്ല. ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങളൊന്നും കാര്യമായി തുറന്നിട്ടില്ല. ഫാക്ടറികളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ സാധനങ്ങളുമില്ല.
വ്യാപാരികൾക്കും ആശങ്ക
ലോക്ക് ഡൗൺ മാറിയാലും സാധാരണക്കാർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ ഇത്തവണ സ്‌കൂൾ വിപണി എങ്ങനെയാകുമെന്ന ആശങ്ക വ്യാപാരികൾക്കിടയിലുമുണ്ട്. യൂണിഫോമുകൾക്കായി സ്‌കൂളുകളും മറ്റു ചെറുകിട ടെക്സ്റ്റൈൽസും അറിയിക്കുന്നത് അനുസരിച്ചാണ് ഹോൾസെയിൽ വ്യാപാരികൾ വസ്ത്രങ്ങൾക്കായി ഓർഡർ നൽകുന്നതും അവ എത്തിക്കുന്നതും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മുംബയ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഓർഡർ നൽകുന്നത്. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഓർഡർ അനുസരിച്ചുള്ള യൂണിഫോമുകൾ എത്തിത്തുടങ്ങും. ഈ വർഷം കുറച്ചു വസ്ത്രങ്ങൾ മാത്രം എത്തിയിരിക്കുമ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ വസ്ത്രങ്ങളുമായി പുറപ്പെട്ട ആദ്യഘട്ട ചരക്കുവാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങി. ചില കടക്കാർ നൽകിയ ഓർഡർ കാൻസൽ ചെയ്തു. അഡ്മിഷൻ നടക്കാത്തതിനാൽ പുതിയ യൂണിഫോമിനായി ഓർഡർ നൽകിയിട്ടുള്ള ചില സ്‌കൂളുകളും തീരുമാനം ഉപേക്ഷിച്ചു.
വിപണി തകിടം മറിഞ്ഞു
അഡ‌്മിഷൻ നടക്കാത്തതിനാൽ യൂണിഫോമിന് പുതിയ ഓർഡർ ഇല്ല
ഫാക്ടറികൾ അടച്ചതിനാൽ കുടയ്ക്കും ബാഗിനും വാട്ടർബോട്ടിലിനും ക്ഷാമം
ചരക്കുകൾ എത്തിക്കാനും തടസം, എത്തിച്ചാലും വിറ്റുപോകുമെന്ന് ഉറപ്പില്ല
'' വസ്ത്രങ്ങൾക്കായി ഓർഡർ നൽകിയ ഫാക്ടറികൾ ഇനിയും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഓർഡർ അനുസരിച്ച് ആ വസ്ത്രങ്ങൾക്കൂടി ലഭിച്ചാൽ മാത്രമേ, ജോഡിയായി യൂണിഫോം വില്പന ആരംഭിക്കാനാവൂ
മുഹമ്മദ് അനസ്, വ്യാപാരി