അടിമാലി : കൃഷിഭവന്റെ ഉദാസീനത കാരണം പഞ്ചായത്ത് ഒന്നര വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പച്ചക്കറി- ഫലവൃക്ഷ നഴ്സറി പ്രവർത്തനരഹിതമായി. വിതരണത്തിനായി സൂക്ഷിച്ചിരുന്ന തൈകൾ എല്ലാം ഉണങ്ങി നശിച്ചു. പച്ചക്കറിക്ക് ആവശ്യമുള്ള വളങ്ങൾ, ചകിരിചോറ്, ജൈവ കീടനാശിനികൾ തുടങ്ങിയവ പൂർണമായും നശിച്ച നിലയിലാണ്. തെങ്ങ് കയറുന്നതിനുള്ള ഉപകരണവും മണ്ണ് ഉഴുതുമറിക്കുന്ന തൊണ്ണൂറായിരം രൂപ വിലയുള്ള ഗാർഡൻ ട്രില്ലറും തുരമ്പെടുത്തു നശിക്കുകയാണ്. കൃഷിഭവൻ ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് അടിയന്തരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണ്ട അടിമാലി കൃഷിഭവൻ പഞ്ചായത്ത് തലത്തിൽ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ആകെ ചെയ്തതാകട്ടെ പച്ചക്കറി വിത്തുകൾ കുടുംബശ്രീ അംഗങ്ങൾക്കും പഞ്ചായത്ത് അംഗങ്ങൾക്കും വിതരണം ചെയ്യാൻ ഏല്പിച്ചതാണ്. പച്ചക്കറി തൈകളും മറ്റും വിതരണം ചെയ്തിരുന്നെങ്കിൽ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസാണ് അടിമാലി പഞ്ചായത്ത് കൃഷിഭവനായി ഒരുക്കിയിരിക്കുന്നത്. അടിമാലി പഞ്ചായത്തിൽ എല്ലാ വീട്ടിലും അടുക്കള തോട്ടം എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഒന്നര വർഷം മുമ്പ് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നഴ്സറിക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുത്തത്. വളരെ കുറഞ്ഞ നിരക്കിൽ പച്ചക്കറി ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന നല്ലൊരു നഴ്സറി സ്വപ്നം കണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് കേടുവന്ന ഓഫീസ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമാക്കി മാറ്റിയത്.