കോട്ടയം വീണ്ടും ഭീതിയിൽ

കോട്ടയം : അന്യസംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്ന് എത്തുന്നവർ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരീക്ഷണത്തിലാകാതെ മുങ്ങുന്നത് കോട്ടയത്തെ വീണ്ടും ആശങ്കയിലാക്കുന്നു. തമിഴ്‍നാട്ടിലെ റെഡ് സോണായ തിരുവള്ളൂരിൽ നിന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ 34 വിദ്യാർത്ഥികൾ സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈനിൽ പോകാതെ മുങ്ങി. നാല് പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി പാമ്പാടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി ബാക്കിയുള്ള വരെ പൊലീസ് സഹായത്തോടെ പിന്നീട് വീടുകളിൽ നിന്ന് പൊക്കി നിർബന്ധിച്ച് ക്വാറന്റൈനിലാക്കി. ഇവർക്കെതിരെ നിയമനടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരുവള്ളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 270 പേരാണ് മൊത്തം രോഗികൾ. ഇവിടെ നിന്നു വന്ന വിദ്യാർത്ഥികളാണ് ക്വാറന്റൈൻ ആവശ്യമില്ലെന്ന മട്ടിൽ സർക്കാർ നിർദ്ദേശത്തിന് വഴങ്ങാതെ സ്വയം വീട്ടിലേക്ക് പോയത്. ജില്ലയിലെ 884 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം കേരളത്തിലെത്തിയത്. 1634 ആളുകൾക്ക് പാസ് നൽകിയിട്ടുണ്ട്. 1091 അപേക്ഷകൾ പരിശോധനയിലുമാണ്. ഇനിയും കൂടുതൽ ആളുകൾ എത്തും. സർക്കാർ നിർദ്ദേശിച്ച സ്ഥലങ്ങളിലേക്ക് പോകാതെ എല്ലാവർക്കും വീട്ടിൽ ക്വാറന്റൈനിൽ കഴിയാനാണ് താത്പര്യം.

കൊവിഡ് പരിശോധനയും നടത്തിയില്ല

ക്വാറന്റൈൻ നിർദ്ദേശിച്ച 117 പേരെ കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് വിട്ടെന്നും വിദ്യാർത്ഥികൾ പാലിച്ചില്ലെന്നും വാളയാർ ചെക്‌പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം നിസഹായതയോടെയാണ് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിർദ്ദേശം. എന്നാൽ മുത്തങ്ങ അതിർത്തിയിലൂടെ എത്തിയവർക്ക് പാസില്ലാതിരുന്നിട്ടും മാനുഷിക പരിഗണന കണക്കിലെടുത്ത് പലരെയും അതിർത്തി കടക്കാൻ അനുവദിച്ചിരുന്നു. കൊവിഡ് പരിശോധന ഇവർക്ക് നടത്തിയിരുന്നുമില്ല. ഇതാണ് ആശങ്ക പരത്തുന്നത്.