അടിമാലി: താലൂക്ക് ആശുപത്രിയിൽ സ്രവം ശേഖരിക്കുന്നതിനുള്ള സംവിധാനമായ കൊവിഡ് വിസ്‌ക് പ്രവർത്തന സജ്ജമായി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം കൊവിഡ് വിസ്‌ക് സംവിധാനത്തിലൂടെ കൂടുതൽ ഉറപ്പാക്കാൻ സാധിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നുള്ള തുക ചിലവഴിച്ചാണ് കൊവിഡ് സ്രവശേഖര സംവിധാനം സജ്ജമാക്കിയത്. വിസ്‌ക് പ്രവർത്തനക്ഷമമായി കഴിഞ്ഞെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ പറഞ്ഞു. അടിമാലിക്ക് പുറമെ ചിത്തിരപുരം, മറയൂർ, മൂന്നാർ ശിക്ഷക് സദൻ തുടങ്ങിയ ഇടങ്ങളിലും കൊവിഡ് വിസ്‌ക് സംവിധാനം പ്രയോജനപ്പെടുത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്രവ ശേഖരണ സംവിധാനം ആരോഗ്യപ്രവർത്തകർക്കേറെ ആശ്വാസം നൽകും. ദിവസവും മുപ്പതോളം പേരുടെ സ്രവ ശേഖരണമാണ് അടിമാലി താലൂക്കാശുപത്രിയിൽ നടന്നു വരുന്നത്.