പാലാ: വർഷകാലത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വള്ളിച്ചിറ-പുലിയന്നൂർ തോടിന്റെ ആഴം വർദ്ധിപ്പിക്കുന്ന ജോലികൾക്ക് തുടക്കമായി.
മാണി.സി.കാപ്പൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നത്. വർഷകാലത്ത് പുലിയന്നൂർ തോട് കരകവിയുന്നത് പതിവാണ്. ഇതിനെതുടർന്ന് മണലേൽ പാലം മുതൽ മരിയൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. തോടിന് ആഴം വർദ്ധിക്കുന്നതോടെ വർഷകാലത്തെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാകും. തോടിന് ആഴം കൂട്ടണമെന്ന ആവശ്യം നാട്ടുകാർ വർഷങ്ങളായി ഉന്നയിച്ചിരുന്നു. വള്ളിച്ചിറ പുലിയന്നൂർ തോട് നവീകരണം, മണലേൽപാലത്തിന് സമീപം സംരക്ഷണഭിത്തി നിർമ്മാണം, മുത്താശേരി തടയണയടെ നവീകരണം എന്നിങ്ങനെ മൂന്ന് പ്രവൃത്തികളാണ് മൈനർ ഇറിറേഷൻ നടപ്പാക്കുന്നത്.
പാടശേഖരങ്ങൾ സംരക്ഷിക്കും
റോഡിലെ വെള്ളക്കെട്ട് തടയുന്നതിനൊപ്പം മേഖലയിലെ പാടശേഖരങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് തോട് നവീകരണം നടപ്പാക്കുന്നത്. സ്‌നേഹതീരം റസിഡൻഷ്യൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രവർത്തനങ്ങൾ മാണി.സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. മൈനർ ഇറിഗേഷൻ പാലാ എഎക്‌സി മിനി, എ ഇ മനോജ്, ഓവർസിയർ ഷീന, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.
തോട് നവീകരണത്തിന് : 18 ലക്ഷം
സംരക്ഷണഭിത്തി നിർമ്മാണം:12 ലക്ഷം
തടയണ നവീകരണം:12 ലക്ഷം