കോട്ടയം : കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ ധനപരമായ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ജനറൽ പർപ്പസ് ഗ്രാൻഡ് പുതിയ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന സർക്കാർ ഉത്തരവ് ഈ പണത്തിൽ കണ്ണുവച്ചാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് പോലെ ഉപയോഗിക്കാൻ കഴിയുന്ന ജനറൽ പർപ്പസ് ഫണ്ട് പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നതോടെ സാമ്പത്തിക വർഷാവസാനം ചെലവഴിയ്ക്കാത്ത തുക മുഴുവൻ സർക്കാർ തിരികെ എടുക്കും. ഇത് തദ്ദേശസ്ഥാപനങ്ങളുടെ തകർച്ചയ്ക്കിടയാക്കും. വരുമാനമില്ലാത്ത തദ്ദേശസ്ഥാപനങ്ങൾ ദൈനംദിന ചെലവിന് ഉപയോഗിക്കുന്നത് പൊതു ആവശ്യ ഗ്രാന്റായി കിട്ടുന്ന പണമാണ്. തനതു വരുമാനമില്ലാത്ത ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും ജനറൽ പർപ്പസ് ഫണ്ടിനെ മാത്രമാശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ ആഘാതം മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.