കോട്ടയത്തെ എല്ലാവരും ചേർന്ന് ഇനിയും കൊവിഡ് ജില്ലയുടെ പട്ടികയിലാക്കി തങ്ങളെ വലയ്ക്കരുതേ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. അന്യസംസ്ഥാന തൊഴിലാളികൾ നമുക്ക് അതിഥി തൊഴിലാളികളാണ്. അന്യസംസ്ഥാനത്തും വിദേശത്തുമുള്ള മലയാളികൾ നമുക്ക് സഹോദരങ്ങളുമാണ്. ഇരു കൈയും നീട്ടി സ്വാഗതം ചെയ്യേണ്ടവരാണ്. പക്ഷേ എങ്ങനെയും റെഡ് സോണിൽ നിന്ന് പുറത്തു ചാടാൻ കാത്തിരിക്കുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സർക്കാർ ഒരുക്കിയ ക്വാറന്റൈനിൽ പോകാതെ ധാർഷ്ട്യത്തോടെ സ്വയം തീരുമാനമെടുത്ത് വീട്ടിൽ സുഖിക്കാൻ പോകുന്നവർ വീണ്ടും തങ്ങളെ റെഡ് സോണിലാക്കുമോ എന്ന ഭീതിയിലാണ് ചുറ്റുവട്ടത്തുള്ളവർ.
വിദേശത്തുനിന്നും അന്യസംസ്ഥാനത്തു നിന്നുമുള്ള കോട്ടയംകാരുടെ ഒഴുക്കു തുടങ്ങി. ഇവർ കർശന നിയന്ത്രണം പാലിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാലേ വീണ്ടും കോട്ടയം കൊവിഡ് ജില്ലയാകാതിരിക്കൂ. പുറത്തു നിന്നെത്തുന്ന ചിലരുടെ നിരുത്തരവാദപരമായ പെരുമാറ്റം കണ്ട് ഭീതിയിലാണ് കോട്ടയം റെഡ് സോണിലായതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച പലരുമിപ്പോൾ. പുറത്തു നിന്നെത്തുന്നവരെ രണ്ടാഴ്ച നിരീക്ഷണത്തിൽ പാർപ്പിക്കാൻ ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. മൂന്നു നേരം ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളുമുള്ള സ്ഥലങ്ങളിൽ തങ്ങാതെ വീട്ടിലെ നിരീക്ഷണത്തിൽ കഴിയാനായിരുന്നു കേരളത്തിന് പുറത്തു നിന്നു വന്ന പലർക്കും താത്പര്യം .അധികൃതർ ഇതിന് വഴങ്ങാതെ നിന്നപ്പോൾ അവരെ കബളിപ്പിച്ചു വീട്ടിൽ പോയവരെ പൊലീസ് സഹായത്തോടെ പിടികൂടി സർക്കാർ നിരീക്ഷണത്തിലാക്കേണ്ടി വന്നു. തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്നു വന്നവരായിരുന്നു ഇവരിൽ പലരുമെന്നതാണ് അതീവ ഗൗരവമായ കാര്യം. പൗരബോധം പ്രകടിപ്പിക്കാതെ മറ്റുള്ളവർക്ക് രോഗം പരത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ച ഇത്തരക്കാരെ വെറുതേ വിടാതെ കർശന നടപടി എടുക്കണമെന്നാണ് നാട്ടുകാർക്ക് ആവശ്യപെടാനുള്ളത്.
കൊവിഡ് പടരാതിരിക്കാൻ ഊണും ഉറക്കവുമുപേക്ഷിച്ച് പ്രവർത്തിക്കുന്നവരാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും. 90 വയസുകഴിഞ്ഞ വൃദ്ധ ദമ്പതികളുടെ രോഗം വരെ ഭേദമാക്കി ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചു പറ്റിയ നേട്ടത്തിന്റെ കൊടുമുടിയിൽ നിന്നവരെ ഗ്രീൻ സോണിൽ നിന്ന് കോട്ടയം റെഡ് സോണിലായത് ഞെട്ടിച്ചിരുന്നു. കർശന നടപടികളിലൂടെ സമൂഹവ്യാപനം തടഞ്ഞ് വീണ്ടും കൊവിഡ് മുക്തമാക്കിയതിനിടയിലാണ് പുറത്തു നിന്നെത്തിയവരുടെ ഈ തോന്ന്യാസം.
വിദേശത്തു നിന്നു വന്നവരാണ് കോട്ടയത്ത് ആദ്യം കൊവിഡ് പരത്തിയത്. രോഗികളായായവർ കറങ്ങി നടന്നാണ് പലരെയും രോഗികളാക്കി കഷ്ടപ്പെടുത്തിയത്. റൂട്ട് മാപ്പ് അനുസരിച്ച് തങ്ങളുടേതല്ലാത്ത കുറ്റത്തിൽ ദിവസങ്ങളോളം കർശന പരിശോധനയ്ക്കും ഒറ്റപ്പെടലിനും വിധേയരായവരാണ് നാട്ടുകാരിൽ പലരും. ഹോട്ട് സ്പോട്ടിലും കണ്ടെയ്ൻമെന്റ് ഏരിയയിലും പെട്ട് വലഞ്ഞവരുമുണ്ട്. കേരളത്തിന് പുറത്തു കൊവിഡ് പരിശോധന ശക്തമാക്കാത്ത സാഹചര്യത്തിൽ പുറത്തു നിന്നെത്തുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി ഫലം വരും വരെ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലാക്കണമെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കാനുള്ളത്.