ഇടുക്കി: ഇടുക്കിയിൽ ചികിത്സയിലിരുന്ന അവസാന രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവായതോടെ ജില്ല കൊവിഡ് മുക്തമായി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഏപ്രിൽ 26ന് രോഗം പിടിപെട്ട ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർ ജോലി ചെയ്തു വന്നിരുന്ന ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും കാണാനെത്തിയ രോഗിക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവർ രോഗം ഭേദമായി നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി. ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച് 25ന് ആയിരുന്നു.