കട്ടപ്പന: വണ്ടൻമേട്ടിലെ പെപ്പർവാലി ആയുർവേദ സ്‌പൈസസ് ഗാർഡനിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. കഴിഞ്ഞദിവസം രാത്രിയിൽ തോട്ടത്തിൽ അതിക്രമിച്ചുകടന്ന മൂന്നുപേർ റിസപ്ഷൻ ഉൾപ്പെടെ അടിച്ചുതകർന്നു. സ്‌പൈസസ് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി വളർത്തിയിരുന്ന ഏലച്ചെടികൾ, ഔഷധ സസ്യങ്ങൾ, ചന്ദനം ഉൾപ്പടെയുള്ള മരങ്ങൾ, പൂന്തോട്ടം എന്നിവയും നശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ചിലർ തോട്ടത്തിലേക്കു കയറിപ്പോകുന്നതു കണ്ടതായി നാട്ടുകാർ ഉടമയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഉടമ സ്ഥലത്തെത്തിയപ്പോഴാണ് അതിക്രമം നടന്നതായി അറിയുന്നത്. മുമ്പും ഗാർഡനെതിരെ സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായിട്ടുണ്ടെന്ന് ഉടമ ബിജു ചാക്കോ പറഞ്ഞു. ലോക്ക് ഡൗൺ മൂലം ഒന്നര മാസത്തോളമായി തോട്ടം അടഞ്ഞുകിടക്കുകയാണ്. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.