പൊൻകുന്നം : ലോക്ക്ഡൗൺമൂലം വീടുകളിൽ അകപ്പെട്ടുപോയ അച്ചായന്മാർ ഒരുമാസത്തിനുശേഷം റേഷൻകടയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ. കൊവിഡും ലോക്ക് ഡൗണും മുതൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾവരെ ചർച്ച ചെയ്ത് അവസാനം കുടുംബവിശേഷങ്ങളിലെത്തി.
ചേട്ടന്റെ മൂത്തമോൻ ബംഗളൂരുവിലല്ലേ, വിളിക്കാറുണ്ടോ ? പിന്നെ എന്നും വിളിക്കാറുണ്ട്. ബംഗളൂരുവിലായിരുന്ന അവനിപ്പം ചെറിയ ഒരു സ്ഥലംമാറ്റമൊക്കെയായി. അതുശരി.എങ്ങോട്ടാ മാറ്റം? ദൂരെയെങ്ങുമല്ല അവിടെ അടുത്തുതന്നെയാ. ക്വാറന്റൈൻ എന്ന് പറയുന്ന ഒരു സ്ഥലത്തേക്കാ മാറ്റം. പ്രൊമോഷനോട് കൂടിയാണെന്നാ കേട്ടത്. അപ്പം ശമ്പളോം കൂടിക്കാണുമല്ലോ? പിന്നെ, ശമ്പളം കൂടിയതുമാത്രമല്ല ഭക്ഷണം താമസസൗകര്യം എല്ലാം ഫ്രീയാ. ഇപ്പം വലിയ പണിയൊന്നുമില്ല. എല്ലാത്തിന്റേം മേൽനോട്ടം വഹിച്ചാൽ മതി. പണ്ടുമുതൽ ഏതുകാര്യവും പോസിറ്റീവായി കാണുന്ന ഒരു മനസാണ് അവന്റേത്. അങ്ങനാ ഞാനവനെ പഠിപ്പിച്ചതും. അതിന്റെ ഒരു ഗുണമാണെന്ന് കൂട്ടിക്കോ ഇപ്പഴത്തെ ഈ പ്രൊമോഷനും സ്ഥലംമാറ്റവുമൊക്ക. അങ്ങനെ വിശേഷങ്ങളൊക്കെ കൈമാറി കൈകൊടുക്കാതെ അകലം പാലിച്ച് സുഹൃത്തുക്കൾ പിരിഞ്ഞുപോയി. അടുത്തമാസം റേഷൻകടയിൽവച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.