കോട്ടയം: പരുക്കൻ ഇരുമ്പിനെ രേഖ അടിച്ചുപരത്തി മിനുസപ്പെടുത്തുന്നത് ലേബർ റൂമിൽ ചോരക്കുഞ്ഞിനെ മാറോടണച്ച് കരച്ചിലകറ്റുന്ന അതേ കരുതലോടെ! നഴ്സിംഗും കൊല്ലപ്പണിയും തമ്മിൽ ബന്ധമില്ലെങ്കിലും രേഖയ്ക്ക് ഒന്ന് പ്രൊഫഷനും മറ്റേത് പാഷനും. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ മെറ്റേണിറ്റി വിഭാഗത്തിൽ നഴ്സായ, കോട്ടയം മാൻവട്ടം ഗൗരീശങ്കരത്തിൽ ബിമൽ കെ.ദേവിന്റെ ഭാര്യ എൻ.കെ.രേഖയ്ക്ക് (38) നഴ്സിംഗ് മാത്രമല്ല പുരുഷന്മാർ പോലും മടിച്ചു നിൽക്കുന്ന കൊല്ലപ്പണിയും ഒരുപോലെ വഴങ്ങും.
തൂമ്പയും കത്തിയും കോടാലിയുമൊക്കെ ആലയിൽവച്ച് അടിച്ചടിച്ച് നിവർത്തും. രാകിമിനുക്കി മൂർച്ച കൂട്ടും. അച്‌ഛൻ പഠിപ്പിച്ച കുലത്തൊഴിൽ ചെയ്യുമ്പോഴത്തെ അഭിമാനക്കരുത്തിനു മുന്നിൽ ആലയിലെ ചൂടും ഇരുമ്പിന്റെ ചൂരും തോൽക്കും.
കുറുപ്പന്തറയിൽ നടത്തിയിരുന്ന ടൈപ്പ്റൈറ്റിംഗ് ഇൻസ്‌റ്റിട്ട്യൂട്ടിന് പൂട്ടു വീണതോടെയാണ് അച്‌ഛൻ എൻ.കെ.കുഞ്ഞപ്പൻ കുലത്തൊഴിലിലേക്കു കടന്നത്.
കരിയിട്ട് തീപിടിപ്പിച്ച് ആലയിലെ കനലിൽ വച്ച് ആയുധങ്ങൾ അടിച്ചെടുക്കുമ്പോൾ കൗതുകത്തോടെ നോക്കി നിന്നിരുന്ന എട്ടാം ക്ളാസുകാരിക്ക് അച്ഛൻ ഗുരുവായി. ബിരുദധാരിയായ അച്‌ഛന് വിദ്യാഭ്യാസത്തിന്റെ മഹിമ അറിയാവുന്നതിനാൽ രേഖയെയും സഹോദരൻ അരുണിനെയും നഴ്സിംഗ് പഠിപ്പിച്ചു. ക്ളാസുകളിലെല്ലാം ജയിച്ചുകയറുമ്പോഴും രേഖ ഇരുമ്പുകളുമായി ചങ്ങാത്തം വിട്ടില്ല. നഴ്സിംഗ് പഠനം കഴിഞ്ഞ് ഡൽഹി അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് മാറിനിന്നത്. അവധിക്ക് നാട്ടിൽ വരുമ്പോൾ സദാസമയം ആലയിലായിരുന്നു.
ഫോട്ടോഗ്രാഫറെയാണ് കല്യാണം കഴിച്ചതെങ്കിലും ഒഴിവുസമയം ഭർതൃവീട്ടിലെ ആലയിൽ ഇരുമ്പിനോടുള്ള പ്രണയം തുടർന്നു. ഭർത്താവിന്റെ അച്‌ഛന്റെ മരണത്തോടെ ആല നശിച്ചു. ഇപ്പോൾ ഒഴിവുവേളകളിൽ മാഞ്ഞൂരിൽ അച്‌ഛന്റെയടുത്തു ചെല്ലുമ്പോൾ വീട്ടിലേക്കും സുഹൃത്തുക്കൾക്കും വേണ്ടുന്ന ഇരുമ്പു പണികളൊക്കെ രേഖ സ്വന്തമായി ചെയ്യും. ഗൗരിയും ഗൗതമുമാണ് മക്കൾ.