എലിക്കുളം:വായനശാലകൾ ഗ്രന്ഥശാലകൾ മാത്രമല്ലെന്ന് തെളിയിക്കുകയാണ് എലിക്കുളം പബ്ലിക് ലൈബ്രറി. ലോക്ക് ഡൗൺ കാലത്ത് ലൈബ്രറി യുവജന വിഭാഗത്തിന്റെയും, ഡി.വൈ എഫ്.ഐ മഞ്ചക്കുഴി യൂണിറ്റിന്റെയും പ്രവർത്തകർ വീടുകളിൽ പുസ്തകങ്ങൾ മാത്രമല്ല എത്തിച്ചു നൽകിയത്. ലൈബ്രറിയുടെ പരിധിയിൽ വരുന്ന 4,5,6 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട 140 തോളം വീടുകളിൽ രണ്ട് തവണ സൗജന്യമായി പച്ചക്കറി കിറ്റുകളും എത്തിച്ചു. മുഴുവൻ വീടുകളിലും കൊവിഡ്19 നെ നേരിടാനുള്ള ഹോമിയോപ്രതിരോധ മരുന്ന് വിതരണവും ഒരാൾക്ക് 3 മാസ്‌ക് എന്ന രീതിയിൽ സൗജന്യമായി മാസ്‌ക് വിതരണവും നടത്തി. തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് സൗജന്യ പച്ചക്കറി
കിറ്റുകൾ എത്തിക്കുന്നത്. കെ.ആർ മന്മഥൻ നായർ പ്രസിഡന്റും സി.മനോജ് സെക്രട്ടറിയുമായ ലൈബ്രറിയുടെ പുതിയ ആശയങ്ങൾക്ക് രൂപം നൽകുന്നതും യുവജന സ്‌ക്വാഡിനെ നയിക്കുന്നതും ജനറൽ സെക്രട്ടറിയായ ബി.ശ്രീകുമാറാണ്. ശങ്കർ.എസ്,സിദ്ധാർത്ഥ് എം., അഭിജിത്ത്.എ.പി.എന്നിവർ നയിക്കുന്ന യുവജന വിഭാഗം ലൈബ്രറിയുടെ പുതിയ ആശയങ്ങളുടെ കർമ്മകാണ്ഡത്തിലേക്ക് ചുവടുവയ്ക്കുവാനുള്ള ഒരുക്കത്തിലാണ്.