കോട്ടയം : സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും കാറുകൾ വാടകയ്ക്കെടുത്ത് പണയം വച്ച് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. പാമ്പാടി വെള്ളൂർ അരീപ്പറമ്പ് ഭാഗത്ത് പുറകുളം വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന തിരുവാർപ്പ് കളപ്പുരയ്ക്കൽ വീട്ടിൽ നിഖിൽ കെ.പി ( 28), പെരുമ്പാവൂർ പായിപ്ര മാനാറി പോസ്റ്റ് ഓഫീസ് പരിധിയിൽ ഇരിഞ്ഞാളിൽ അനിമോൻ (34) എന്നിവരെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തിരുവാർപ്പ് സ്വദേശിയിൽ നിന്ന് നിഖിൽ വാങ്ങിയ വാഹനം തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വാഹനങ്ങൾ നിഖിൽ പെരുമ്പാവൂരിലെ അനുമോനെന്ന എൽ.എൽ.ബി വിദ്യാർത്ഥിക്ക് കൈമാറുകയായിരുന്നു. അനുമോൻ ഈ വാഹനങ്ങൾ പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ വാഹന തട്ടിപ്പ് സംഘത്തിന് കൈമാറും. വാഹന ഉടമകൾ എത്തിയാൽ ഉടമകളുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കുകയാണ് പതിവ്. പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ് ഐ, രഞ്ജിത്ത് വിശ്വനാഥൻ ഷാജൻ , ഷിബു കുട്ടൻ , എ.എസ്.ഐ രാധാകൃഷ്‌ണൻ , ഡിവൈ.എസ്.പി ഓഫീസിലെ എ.എസ്.ഐ അരുൺ കുമാർ, എസ്.ഐ കെ.ആർ പ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.