അടിമാലി: നഷ്ടക്കണക്കിന്റെ പടുകുഴിയിൽ ചെന്ന്പെട്ട ടൂറിസം മേഖല എന്ന് കരകയറുമെന്ന ആശങ്ക മാറുന്നില്ല. സമ്പൂർണ്ണ അടച്ചിടലിൽകോടികണക്കിന് രൂപയുടെ നഷ്ടമാണ് വിനോദ സഞ്ചാരമേഖലക്ക് മാത്രം ഉണ്ടായിട്ടുള്ളത്.ഉടനെങ്ങും ഈ മേഖലയിൽ പ്രതിസന്ധി നീങ്ങാൻ സാദ്ധ്യതയില്ലാത്തതിനാൽ ഓരോ ദിവസവും വിനോദ സഞ്ചാരമേഖലയിൽ നഷ്ടത്തിന്റെ കണക്കേറുകയാണ്.മൂന്നാറും തേക്കടിയും അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ നിന്നും ആളൊഴിഞ്ഞിട്ട് രണ്ട് മാസത്തോടടുക്കുകയാണ്.വിനോദ സഞ്ചാരമേഖലക്ക് ഇത്രത്തോളം നഷ്ടമുണ്ടായൊരു കാലം സമീപത്തെങ്ങുമില്ല.ഈ രംഗത്ത് പ്രവർത്തിച്ച് വന്നിരുന്ന ചെറുകിട സ്ഥാപനങ്ങൾ മുതൽ വൻകിട റിസോർട്ടുകൾ വരെ പ്രതിസന്ധിയെ ഉറ്റു നോക്കുന്നു.മദ്ധ്യവേനലവധി മുമ്പിൽ കണ്ട് വായ്പ്പയെടുത്തും മറ്റുമായി ലക്ഷങ്ങൾ മുടക്കിയവർ ധാരാളമുണ്ട്.വലിയ തുകക്ക് ഹോംസ്‌റ്റേകളും റിസോർട്ടുകളും നടത്തിപ്പിനായി വാടകക്കെടുത്തിരുന്നവരെല്ലാം എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്.
രാജ്യാന്തരയാത്രകൾ പോയിട്ട് അന്തർസംസ്ഥാന യാത്രകൾക്ക് തന്നെ അനുമതി ലഭിക്കാൻ നാളുകൾ വേണ്ടി വരുമെന്നിരിക്കെ ഉടനെങ്ങും ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാവില്ലെന്ന തിരിച്ചറിവ് ഈ രംഗത്തുള്ളവരുടെ അശങ്ക വർധിപ്പിക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിന്നിരുന്ന ടാക്‌സി വാഹന ഉടമകളുടെയും തൊഴിലാളികളുടെയും അവസ്ഥ വിഭിന്നമല്ല.ജില്ലയിൽ പ്രവർത്തിച്ച് വന്നിരുന്ന സ്‌പൈസസ് സ്ഥാപനങ്ങൾക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.അടച്ചിടൽ വന്നതോടെ കരുതിവച്ചിരുന്ന ചോക്ലേറ്റുകൾ അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായി തീർന്നതാണ് പ്രധാനവെല്ലുവിളി.ഹോട്ടൽ റിസോർട്ട് മേഖലകളിൽ പണിയെടുത്തിരുന്ന തൊഴിലാളികളും ടൂറിസം മേഖലയിലെ ഗൈഡുകളുമെല്ലാം സാമ്പത്തിക ഞെരുക്കത്തിലാണ്ട് കഴിഞ്ഞു.വരാൻ പോകുന്ന കാലവർഷം കൂടിയാകുമ്പമ്പോൾ ടൂറിസം മേഖലയിലെ തിരിച്ച് വരവിന് പ്രതീക്ഷക്കുമപ്പുറം സമയമെടുക്കും.