പാലാ: മീനച്ചിലിലെ നാലു പുരയിടങ്ങളിലായി നാലേക്കറോളം ഭാഗം കൃഷിക്ക് വഴിമാറുകയാണ്. മരച്ചീനിയും വാഴയുമെല്ലാം നാമ്പിടാൻ ഒരുങ്ങുന്നു.

എസ്. എൻ.ഡി.പി യോഗം മീനച്ചിൽ ശാഖയിലെ ഏതാനും അംഗങ്ങൾ ചേർന്ന് രൂപീകരിച്ച ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് കർഷകർ കൃഷിയിടത്തിലിറങ്ങിയിരിക്കുന്നത്. നാലേക്കറിൽപ്പരം സ്ഥലം പാട്ടെത്തിനെടുത്ത് മരച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, മത്ത, പയർ, തക്കാളി എന്നിവയാണു കൃഷി ചെയ്യുന്നത്. മരച്ചീനി മാത്രം രണ്ടായിരത്തിൽപ്പരം ചുവടുണ്ട്.

പുതിയ സ്ഥലം പാട്ടത്തിനെടുത്ത് അവിടെയും കൃഷിക്കായി ഇന്നലെ മുതൽ മണ്ണൊരുക്കിത്തുടങ്ങി. ട്രസ്റ്റ് പ്രസിഡന്റ് വി.കെ. ഹരിദാസ് വലിയമറ്റം, സെക്രട്ടറി വി.എൻ. വിജയൻ വാഴയിൽ എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ഭരണസമിതിയുടെ മേൽനോട്ടത്തിലാണ് കൃഷിപ്പണികൾ നടത്തുന്നത്.

'ഗുരുദേവന്റെ അഷ്ട സന്ദേശങ്ങളിൽ കൃഷിയാണ് മുഖ്യം. രണ്ടാമത് പറയുന്ന വ്യവസായത്തിലേക്കും ഞങ്ങൾ ചുവടു വെച്ചു കഴിഞ്ഞു. വിവിധ പൊടി ഉൽപ്പന്നങ്ങൾ വിപണനത്തിനു തയാറായിക്കഴിഞ്ഞു. ഓണത്തോടെ പച്ചക്കറികളും തയ്യാറാകും ' പ്രസിഡന്റ് ഹരിദാസും, സെക്രട്ടറി വിജയനും പറഞ്ഞു.
ട്രസ്റ്റംഗങ്ങളിൽ നിന്നും ആയിരം രൂപാ വീതം സ്വീകരിച്ചതാണ് മൂലധനം. അൻപതോളം അംഗങ്ങളുണ്ട്.

കൃഷിപ്പണികൾ നടത്താൻ പുറത്തു നിന്ന് തൊഴിലാളികളില്ല. ട്രസ്റ്റംഗങ്ങളിൽ ഭൂരിപക്ഷവും മികച്ച കർഷകരാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾ ചേർന്നാണ് കൃഷിഭൂമി ഒരുക്കുന്നത്. ശാഖാംഗങ്ങളുടെയും നാട്ടിലെ ഇതര സമൂഹകർഷകരുടെയുമെല്ലാം പിന്തുണയോടെയാണ് ട്രസ്റ്റിന്റെ സമൂഹ കൃഷി. മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും ഇവിടെ കർഷകർ മണ്ണിൽ പൊന്നുവിളയിക്കാനുള്ള ശ്രമത്തിലാണ്.

കൂടുതൽ സ്ഥലം പാട്ടത്തിനെടുക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9656745150., 9446995388