കോട്ടയം : സർക്കാരിന്റെ അനുമതിയോടെ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച്
വിദ്യാർത്ഥികളടക്കം 26 മലയാളികൾക്ക് പരിക്കേറ്റു.
പരിക്കേറ്റവർ കോട്ടയം, ഇടുക്കി, തൃശൂർ സ്വദേശികളാണ്. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെ സേലം കരൂർ ഹൈവേയിലാണ് അപകടം. ബംഗളൂരുവിൽ കുടുങ്ങിപ്പോയ നഴ്‌സുമാരും നഴ്‌സിംഗ് വിദ്യാർത്ഥികളും വിവിധ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.
കോട്ടയം, ഇടുക്കി സ്വദേശികളായ വി. അജീഷ്, ബ്ലസി എം. വർഗീസ്, എം. സുസ്‌മി, ഡീന ഡേവസ്യ, എ.എൻ. മനുപ്രസാദ്, എ.എസ് അരവിന്ദ്, അരുൺ മോഹൻ, നന്ദു നിർമ്മൽ, വി.ബി. വിഷ്‌ണുപ്രിയ, ഫെമി ജോസഫ്, സുമേഷ് ജി. നായർ, അഖിൽ ശശി, ഡി. അമലേഷ്, നിമ്മി വർഗീസ്, ലിന്റാമോൾ ജോസഫ്, ലനീഷ് എൽ, ആന്റോ സേവ്യർ ആന്റണി, അസിഫ് കരിം, ഹരികൃഷ്‌ണ മനോജ്, എൻ.എം. മുനീർ, അനുരാജ് എ, സിനി ടോം, വി.ബി. കൃഷ്‌ണപ്രിയ, അഖിൽ തങ്കച്ചൻ എന്നിവർക്കും, തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്.
കോട്ടയത്തും പാലായിലുമായി ഇവരെ എത്തിക്കുന്നതിനായി സ്വകാര്യ ഏജൻസിയാണ് വാഹനം ഏർപ്പെടുത്തിയിരുന്നത്. അപകടവിവരം അറിഞ്ഞ ജോസ് കെ. മാണി എം.പി തമിഴ്നാട് എം.പി ജ്യോതിമണിയുമായും ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. കോട്ടയം ജില്ലാ കളക്‌ടർ പി.കെ. സുധീർ ബാബുവിന്റെ ഇടപെടലിനെ തുടർന്ന് പകരം ബസും ഏർപ്പാടാക്കി.
വൈകിട്ട് ആറോടെ ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറൊഴികെയുള്ളവർ ബസിലുണ്ട്.