കോട്ടയം : ജില്ലയിലെ തുണിക്കടകൾ പൂർണമായും അടഞ്ഞു കിടക്കുന്നതോടെ സെയിൽസ് ജീവനക്കാരുടെ കുടുംബവും ബുദ്ധിമുട്ടിലായി. രോഗികളായ അച്ഛനമ്മമാർ, ഭർത്താവ്, മക്കൾ എന്നിങ്ങനെ വലിയ കുടുംബത്തിന്റെ ഭാരം ഒറ്റച്ചിരിയിൽ ഒതുക്കി നമ്മെ കടകളിലേയ്ക്ക് വരവേൽക്കുന്ന ഇവരെല്ലാം ലോക്ക് ഡൗൺ കാലത്ത് കടകൾ അടച്ചിടേണ്ടി വന്നപ്പോൾ കരയുകയാണ്. ചിലർ സ്ഥാപനം അടച്ചിട്ട കാലത്ത് ശമ്പളം മുടക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോഴും മുടങ്ങാതെ ശമ്പളം നൽകിയ സ്ഥാപനങ്ങളുമുണ്ട്.

നഗരത്തിലെ പ്രമുഖ തുണിക്കടയിലെ ജീവനക്കാരിയായ ആർപ്പൂക്കര സ്വദേശിനിയുടെ വരുമാനത്തിലാണ് ആറുപേരടങ്ങുന്ന കുടുംബം കഴിയുന്നത്. ഡ്രൈവറായ ഭർത്താവ് അപകടത്തിൽ തളർന്നു. രോഗികളായ അച്ഛനും അമ്മയും. മക്കൾ. കുടുംബത്തിന്റെ ഭാരം വലുതാണ്. എത്രയും വേഗം കടതുറന്നിരുന്നെങ്കിലെന്ന പ്രാർത്ഥനയാണ് ഇവർക്ക്.

മാർച്ചിലെ പാതി ശമ്പളം നൽകിയെന്ന് മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞപ്പോൾ ഏപ്രിലിലെ ശമ്പളം നൽകിയതുമില്ല. ചിട്ടിയും ലോണും മുടങ്ങി. പല സ്ഥാപനങ്ങളും ശമ്പളം പിടിച്ചുവയ്ക്കുന്നതിന്റെ കഥ പറയുമ്പോൾ കോട്ടയത്തെ പ്രമുഖ ജുവലറിയിലെ സെയിൽസ് ജീവനക്കാരി ആതിരയ്ക്ക് സന്തോഷത്തിന്റെ കഥയാണ് പറയാനുള്ളത്. ഒന്നര മാസത്തോളം കട അടച്ചിടേണ്ടി വന്നെങ്കിലും സ്ഥാപന ഉടമ മാർച്ചിലെയും ഏപ്രിലിലെയും ശമ്പളം പൂർണമായി നൽകുക മാത്രമല്ല, വീട്ടിലേക്കാവശ്യമായ അവശ്യ വസ്തുക്കളും എത്തിച്ചു.

കടതുറന്നാലും എങ്ങനെ

കടതുറന്നാലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ലെങ്കിൽ എങ്ങനെ ജോലിക്കെത്തുമെന്ന
ആശങ്കയാണ് കറുകച്ചാൽ സ്വദേശിനി രേഷ്മ പങ്കുവയ്ക്കുന്നത്. രാവിലെ 7.30 ന് വീട്ടിൽ നിന്ന് ഇറങ്ങും രാത്രി എട്ടരയോടെയാണ് തിരികെയെത്തുന്നത്. നാട്ടിലൂടെയുള്ളതാവട്ടെ മൂന്ന് സ്വകാര്യ ബസുകൾ മാത്രം. സ്വന്തമായി വാഹനമില്ല. ഉണ്ടെങ്കിലും ദിവസവുമുള്ള പെട്രോൾ കാശ് ശമ്പളത്തേക്കാൾ കൂടുതലാവും.

ആശങ്കൾക്ക് അറുതിയില്ല

കച്ചവടം കുറയുമന്നതിനാൽ നഷ്ടം നികത്താൻ ജീവനക്കാരെ പിരിച്ചുവിട്ടേക്കും

നിലവിൽ വളരെ തുച്ഛമായ ലാഭത്തിൽ പ്രവർത്തിക്കുന്ന പലകടകളും പൂട്ടും

 ബസ് സർവീസില്ലാത്തതിനാൽ ജോലിക്ക് എത്താൻ പ്രയാസം

 ശമ്പളം വെട്ടിക്കുറയ്ക്കാനും സാദ്ധ്യത