കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അറിയിച്ചു..രാവിലെ10 നും 11 നുമിടയിൽ മാസ്‌ക് ധരിച്ച് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും അകലവും പാലിച്ച് സമരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം വീടുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികൾക്കും പോകാൻ കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ട്രെയിനുകളും, ബസ്സുകളും അനുവദിക്കുക. യാത്രയും ,ഭക്ഷണവും സൗജന്യമാക്കുക., കരാർ, കാഷ്വൽ, ദിവസവേതന, ഗാർഹിക തൊഴിലാളികൾ, സംഘടിത, അസംഘടിത തൊഴിലാളികൾ തുടങ്ങിയ എല്ലാ തൊഴിലാളികൾക്കും 7500 രൂപ വീതം മൂന്നു മാസമെങ്കിലും തുടർച്ചയായി നൽകുക., കൊവിഡിന്റെ മറവിൽ തൊഴിൽ സമയം 12 മണിക്കൂർ ആക്കാനും തൊഴിലുടമകൾക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുമുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.