കോട്ടയം: ലോക്ക് ഡൗണിൽ നിർമാണ മേഖല പ്രതിസന്ധിയിലായപ്പോൾ പെയിന്റിംഗ് തൊഴിലാളികളും കഷ്ടത്തിലായി. അവർക്ക് നഷ്ടമായത് ഏറ്റവും പ്രധാനപ്പെട്ട സീസണാണ്. പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതിനൊപ്പം നിലവിലുള്ള വീടുകൾക്ക് പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കാനും എല്ലാവരും തിരഞ്ഞെടുക്കുന്നത് വേനൽക്കാലമാണ്. അതാണ് കൊവിഡ് അപഹരിച്ചത്. വരാനിരിക്കുന്നത് മഴക്കാലമായതിനാൽ ഫലത്തിൽ അഞ്ചുമാസം വറുതിയുടെ നാളുകളാണിവർക്ക്.
വീട്, ഓഫീസ്, വാണിജ്യ കെട്ടിടങ്ങൾ എന്നിവയിലെല്ലാം ആരംഭിച്ച പെയിന്റിംഗ് ജോലികൾ മാർച്ച് പകുതിയോടെ പാതിവഴിയിൽ നിലച്ചു. പെയിന്റ് കടകളിൽ നിന്ന് മിക്സ് ചെയ്ത് കൊണ്ടു വരുന്ന പെയിന്റാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ഏറെക്കാലം വെറുതെവച്ചാൽ ഗുണം നഷ്ടപ്പെടും. പെയിന്റിംഗ് ആരംഭിച്ച കെട്ടിടങ്ങൾക്ക് വേണ്ടി തയാറാക്കിയവ കേടാകാനും സാദ്ധ്യതയുണ്ട്. ഇതിൽ വെള്ളം ചേർത്ത് നിശ്ചിത ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ദുർഗന്ധം വരുമെന്നും തൊഴിലാളികൾ പറയുന്നു. പെയിന്റ് ചെയ്യുന്നതിന് മുൻപ് ഭിത്തികൾക്ക് പുട്ടിയടിച്ചിട്ടുണ്ടെങ്കിൽ ഇവ സാൻഡ് ചെയ്ത് മിനുസപ്പെടുത്തണം. അല്ലെങ്കിൽ പുട്ടി കട്ടിപിടിച്ച് കല്ലിന് സമാനമാകും. പിന്നീട് ഇത് വീണ്ടും ഇളക്കി കളയേണ്ടി വരും.
പ്രതിസന്ധി ഇങ്ങനെ
മഴക്കാലം ആരംഭിച്ചാൽ തുടർന്നും പണിയില്ലാത്ത അവസ്ഥ
സംഘടനയില്ലാത്തതിനാൽ അത്തരം പരിരക്ഷയും ലഭിക്കില്ല
1000 രൂപ ധനസഹായം ക്ഷേമനിധിയിൽ ഉൾപ്പെട്ടാൽ മാത്രം
ഭൂരിഭാഗം പേരും ക്ഷേമനിധി ആനുകൂല്യത്തിൽ പെടാത്തവർ
'' ഞങ്ങൾക്ക് ക്ഷേമനിധിയില്ല. സർക്കാർ തന്ന അരിയും കിറ്റും മാത്രമാണ് ആശ്രയം. പലരും പെയിന്റിംഗ് സാധനങ്ങൾ ഉൾപ്പെടെയെടുത്ത് പണിചെയ്യുന്നവരാണ്. സാധനങ്ങൾ നശിച്ച് നഷ്ടം ഇരട്ടിയായി''
റെജി ജോസ്, തൊഴിലാളി