കോട്ടയം: പഴയതുപോലെ നുരഞ്ഞു പൊന്താനാവില്ലെങ്കിലും നല്ല തെങ്ങിൻ കള്ള് ഊറിയിറങ്ങാൻ തുടങ്ങി. രണ്ട് മാസത്തോളം ലോക്ക് ഡൗണിൽ അടഞ്ഞു കിടന്ന കള്ളുഷാപ്പുകൾ ഇന്നു തുറക്കും. ആദ്യഘട്ടത്തിൽ പാഴ്സൽ വിൽപ്പനയേ ഉള്ളുവെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ തെങ്ങ് ചെത്തിയൊരുക്കിത്തുടങ്ങിയിരുന്നു.

മാർച്ച് അവസാനം ലോക്ക് ‌‌ഡൗൺ തുടങ്ങിയതോടെ സർക്കാർ നിർദ്ദേശ പ്രകാരം കള്ള് ചെത്തിക്കൊണ്ടിരുന്ന കുല തൊഴിലാളികൾ അഴിച്ചിട്ടിരുന്നു. ഷാപ്പുകൾ തുറക്കുന്നതിന് മുന്നോടിയായി ഏപ്രിൽ അവസാനം തെങ്ങുതെളിച്ച് പുതിയ കുലപിടിച്ചാണ് ഇപ്പോൾ കള്ള് ലഭ്യമാക്കിയത്. ബിവറേജും ബാറും അടഞ്ഞു കിടക്കുന്നതിനാൽ നാടൻ കള്ളിന്റെ മാധുര്യം നുണയാൻ ആളുകളേറെയെത്തുമെന്ന പ്രതീക്ഷയിലാണ് ഷാപ്പുടമകൾ.

ചെലവ് കൂടുതലും വരവ് കുറവും കാരണം കള്ളുവ്യവസായം തകർച്ചയിലായിരുന്നു . നഗരങ്ങളിലെ റേഞ്ചുകളിൽ പോലും ഷാപ്പുകൾ ലേലം കൊള്ളാനും ആളില്ലായിരുന്നു. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിൽ രണ്ട് ഗ്രൂപ്പ് ഇപ്പോഴും ലേലത്തിൽ പോയിട്ടില്ല. പകുതി തുകയ്ക്ക് ലേലം കൊള്ളാനും ആളില്ലാത്ത സ്ഥിതിയാണ്.

ഒരു ഷാപ്പിൽ കുറഞ്ഞത് മൂന്നു തൊഴിലാളികൾ കാണും. നാട്ടിൻ പുറങ്ങളിൽ വരെ ബിവറേജ് ഔട്ട് ലെറ്റ് തുറന്നത് കള്ള് വിൽപ്പനയെ ബാധിച്ചു . 8.9 % വീര്യം മാത്രമാണ് കള്ളിൽ അനുവദനീയമായിട്ടുള്ളത് . വില കുറഞ്ഞ വിദേശ മദ്യത്തിൽ ഇത് 50 ശതമാനം വരും. പെട്ടെന്ന് കിക്കാകാൻ യുവാക്കളും അന്യ സംസ്ഥാന തൊഴിലാളികളും മറ്റും വിദേശ മദ്യത്തോട് താത്പര്യം കാട്ടുന്നതിനാൽ വീര്യം കുറഞ്ഞ കള്ളിന് പിടിച്ചു നിൽക്കാൻ കഴിയന്നില്ല.കള്ള് വ്യവസായം നിലനിൽക്കാൻ വിദേശ മദ്യത്തിന്റെ വീര്യം കുറക്കണമെന്നാണ് ഉടമകളുടെ ആവശ്യങ്ങളിൽ പ്രധാനം .

പാട്ടം 650 രൂപ വരെ

കേരഗ്രാമം പദ്ധതിയിലൂടെ അത്യുത്പാദന ശേഷിയുള്ള തെങ്ങു കൃഷി വ്യാപകമായതോടെ പലരും ചെങ്ങു ചെത്താൻ കൊടുത്തു തുടങ്ങി. ഇത് നാടൻ കള്ളിന്റെ ഉത്പാദനം കൂട്ടി. തേങ്ങ ഇടാൻ ആളെ കിട്ടാത്ത സാഹചര്യത്തിൽ ചെത്താൻ കൊടുത്താൽ തെങ്ങിലെ ഉത്പാദനം അനുസരിച്ച് ഒരു തെങ്ങിന് 500രൂപ മുതൽ 650 രൂപ വരെ മാസം പാട്ടം ലഭിക്കും.

വീര്യം 8.9 %

വാടക, വൈദ്യുതി, വെള്ളം, ചെത്തു തൊഴിലാളിക്കും ഷാപ്പിലെ തൊഴിലാളികൾക്കുമുള്ള കൂലിയും മറ്റ് ആനുകൂല്യങ്ങളും കണക്കിലെടുത്താൽ ലിറ്ററിന് 200 രൂപയ്ക്കെങ്കിലും കള്ള് വിറ്റാലേ പിടിച്ചു നിൽക്കാനാവൂ

സരസൻ, ഷാപ്പുടമ