പാലാ: ജനറൽ ആശുപത്രി നവീകരണത്തിന് മാണി.സി.കാപ്പൻ എം.എൽ.എ ഇരുപത് ലക്ഷം രൂപ കൂടി അനുവദിച്ചു.

കഴിഞ്ഞ ഏപ്രിൽ അനുവദിച്ച നാൽപ്പത് ലക്ഷം രൂപയ്ക്കു പുറമേയാണിത്. ഇതോടെ ജനറൽ ആശുപത്രിയുടെ വികസനത്തിനായി എം.എൽ.എ അനുവദിച്ച തുക 65 ലക്ഷമായി ഉയർന്നു.ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാൻ സെൻട്രലൈസിഡ് എസി വേണമെന്ന നിബന്ധന ഉള്ളതിനാൽ കൂടുതൽ തുക ആവശ്യമായി വരുമെന്ന് ആശുപത്രി സൂപ്രണ്ട് അൻജു.സി.മാത്യു എം.എൽ.എയുടെ ശ്രദ്ധപ്പെടുത്തിയതോടെയാണ് കൂടുതൽ തുക അനുവദിച്ചത്.

ജനറൽ ആശുപത്രിയിലെ ഒരു ബ്ലോക്കിൽ പുതുതായി ലിഫ്റ്റ് സംവിധാനം പ്രവർത്തനസജ്ജമായി. മറ്റൊരു ബ്ലോക്കിലെ ലിഫ്റ്റ നിർമ്മാണം പുരോഗമിക്കുകയാണ്. ജനറൽ ആശുപത്രിക്ക് സർക്കാർ പുതുതായി പത്ത് ഡയാലിസിസ് യൂണിറ്റുകൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാലായിൽ എത്തിച്ച ഈ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനാണ് 35 ലക്ഷം രൂപ ചിലവഴിക്കുന്നത്.

ഫയർ ആന്റ് സ്ഫേറ്റി റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്..
പുതിയ ആശുപത്രിമന്ദിരം സ്ഥാപിച്ചിട്ടും അവിടേയ്ക്കുള്ള റോഡിന് വീതിയില്ലാത്തത് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുമായി എം.എൽ.എ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെത്തുടർന്ന് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള 2.75 സെന്റ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ തീരുമാനമായി. സ്ഥലം അടിയന്തിരമായി കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഡി.എച്ച്.എസ് ഇന്നലെ സ്ഥലം കൈമാറാനുള്ള അനുമതി നൽകിയിട്ടുണ്ട്. തുടർനടപടികൾക്ക് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും മാണി.സി.കാപ്പൻ അറിയിച്ചു.