പാലാ: കിട്ടുന്നതിൽ പാതി ശമ്പളം പാവപ്പെട്ട രോഗികൾക്ക്. സിന്ധു പി. നാരായണൻ എന്ന ആരോഗ്യപ്രവർത്തകയെ സംബന്ധിച്ച് കാരുണ്യപ്രവർത്തനം ജീവിതതപസ്യയാണ്. ഈ രാമപുരംകാരി രോഗികൾക്ക് നഴ്സ് എന്നതിലപ്പുറം കാവൽ മാലാഖയാണ്.
രാമപുരം ഗവ. ആശുപത്രിയിലെ ഗ്രേഡ് വൺ സ്റ്റാഫ് നേഴ്‌സും ഉഴവൂർ ബ്ലോക്ക് തലത്തിൽ മൂന്നു പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണ വിഭാഗം ചുമതലയും വഹിക്കുന്ന സിന്ധുവിന് ഈ ലോക്ക് ഡൗൺ കാലത്ത് നിന്നു തിരിയാൻ സമയമില്ല;
രോഗികളുടെ ബന്ധുക്കളും സിന്ധുവിന്റെ കാരുണ്യ പ്രവർത്തികളെക്കുറിച്ച് അറിയാവുന്ന ആളുകളൊക്കെ വിളിച്ചു കൊണ്ടേയിരിക്കും, വിവിധ സഹായങ്ങൾക്കായി... രാമപുരം ആശുപത്രിയിലെ ദൈനം ദിന ജോലികൾക്കൊപ്പം വെളിയന്നൂർ, ഉഴവൂർ, രാമപുരം പഞ്ചായത്തുകളിലെ മുപ്പതോളം കിടപ്പു രോഗികളുടെ പരിചരണച്ചുമതലയും സിന്ധുവിന്റെ ചുമതലയിലാണ്.ഈ ആതുര ശുശ്രൂഷയ്ക്കിടയിലാണ് കാരുണ്യ പ്രവർത്തികൾക്കും സമയം കണ്ടെത്തുന്നത്. പാവപ്പെട്ട രോഗികൾക്ക് ഭക്ഷണവും മരുന്നുമെല്ലാം ഉറപ്പാക്കും. ലോക്ക് ഡൗൺ കാലത്ത് ഡയാലിസിനു പോകാൻ നിവൃത്തിയില്ലാതെ വന്ന രണ്ട് കിഡ്‌നി രോഗികൾക്കും സിന്ധു സഹായമെത്തിച്ചു. മാണി.സി.കാപ്പൻ എം.എൽ.എയെ അറിയിച്ച് തുടർ സഹായങ്ങൾ ഉറപ്പാക്കി. മരുന്നു വാങ്ങാൻ നിവൃത്തിയില്ലെന്ന് അറിയിച്ച പത്തോളം പേർക്ക് മരുന്നു വാങ്ങി നൽകുകയും രോഗത്താൽ കാലുകൾ മുറിച്ച് മാറ്റിയ രണ്ടു പേർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൃത്രിമ കാൽ വെച്ചു കൊടുക്കാനും ഈ ലോക്ക് ഡൗൺ കാലത്ത് സിന്ധുവിനു കഴിഞ്ഞു.
ശരീരം പുഴുവരിച്ചു കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ച് പരിചരിച്ച സിന്ധുവിനെ ജനമൈത്രി പൊലീസ് പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. ഏഴാച്ചേരി താമരമുക്ക് കവളംമാക്കൽ കുടുംബാംഗമാണ് സിന്ധു. കെ..എസ്.ഇ.ബി പാലാ ഓഫീസിൽ സബ് എൻജിനീയറായ ഭർത്താവ് ജയപാലും മക്കളായ ഗോപികയും ദേവികയും കാരുണ്യപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.