അടിമാലി: ലോക്ക് ഡൗൺ ഇളവുകളിൽ ഓട്ടോറിക്ഷകളെ ഉൾപ്പെടുത്താത്തത് ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാരെ വലയ്ക്കുന്നു.സ്വകാര്യ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇളവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഓട്ടോറിക്ഷകൾക്കും ടാക്‌സി വാഹനങ്ങൾക്കും നിരത്തിലിറങ്ങാൻ അനുമതി ലഭിച്ചിട്ടില്ല.കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിയന്ത്രണം ജില്ലയിലെ പിന്നാക്കമേഖലകളിൽ നിന്നുള്ള ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.തോട്ടം മേഖലകളിലും ആദിവാസി മേഖലകളിലും സ്വന്തമായി വാഹനമുള്ളവർ കുറവാണെന്നിരിക്കെ ആശുപത്രി ആവശ്യങ്ങൾ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഓട്ടോറിക്ഷകളും മറ്റ് ടാക്‌സി വാഹനങ്ങളുമായിരുന്നു ഇവർ ഉപയോഗിച്ച് വന്നിരുന്നത്.എന്നാൽ ഈ രണ്ട് വിഭാഗങ്ങളിലും ഉൾപ്പെട്ട വാഹനങ്ങൾക്ക് ഇളവ് ലഭിക്കാത്തത് പിന്നാക്ക മേഖലയിലെ ആളുകളുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുന്നു.നാട്ടുകാരുടെ ദൈന്യത കണ്ട് രണ്ടും കൽപ്പിച്ച് നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശിക്ഷാനടപടികൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിരത്തുകളിൽ ഇറങ്ങിയ ഓട്ടോറിക്ഷകൾക്ക് നേരെ പൊലീസ് നടപടി ഉണ്ടായതോടെ അവശ്യഘട്ടത്തിൽ പോലും സർവ്വീസ് നടത്താൻ ഓട്ടോ റിക്ഷാ തൊഴിലാളികൾ മടികാണിക്കുന്ന സാഹചര്യം രോഗികൾക്കുൾപ്പെടെ തിരിച്ചടിയായി തീർന്നിട്ടുണ്ട്. പ്രസവ സംബന്ധമായ സ്‌കാനിംഗും പരിശോധനയുമടക്കമുള്ള കാര്യങ്ങൾക്കായി മൂന്നാറും മറയൂറും വട്ടവടയും മാങ്കുളവും അടക്കമുള്ള ഇടങ്ങളിൽ നിന്നുള്ള ആളുകൾ അടിമാലി താലൂക്കാശുപത്രിയിൽ എത്താൻ ഓട്ടോറിക്ഷകളെയാണ് കൂടുതലായി ആശ്രയിച്ച് വന്നിരുന്നത്.ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മേഖലയിൽ ഇളവ് അനുവദിക്കണമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്ന ആവശ്യം.