കോട്ടയം: നിരത്തിൽ നിന്ന് പൊലീസ് പിൻമാറിയതോടെ കോട്ടയം ജീവിതത്തിരക്കിലേയ്ക്ക് കുതിച്ചെത്തി . ഇപ്പോഴും റെഡ് സോണിലാണെങ്കിലും കാര്യമായ നിയന്ത്രണങ്ങളോ പരിശോധനകളോ ഇല്ലാത്തതിനാൽ ആളുകൾ പഴയതുപോലെ പൊതു ജീവിതം ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത കോട്ടയം മാർക്കറ്റിൽ നിന്നു തിരിയാനാവാത്ത തിരക്കാണ്. ആദ്യം ഗ്രീൻ സോണിലെത്തിയ കോട്ടയം പിന്നെങ്ങനെയാണ് ചുവപ്പിൽ എത്തിയതെന്നു അറിയുന്ന അതേ കോട്ടയം നഗരവാസികൾ തന്നെയാണ് ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചിറങ്ങുന്നത്.
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിൽ ഒന്ന് കോട്ടയമായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് കോട്ടയത്ത് രണ്ടു പേർക്ക് രോഗം ബാധിച്ചത്. തുടർന്ന് എല്ലാവരും രോഗവിമുക്തരായതോടെ കോട്ടയം ഗ്രീൻ സോണിൽ എത്തി. ഏപ്രിൽ 20 മുതൽ സാധാരണ ജീവിതത്തിലേയ്‌ക്കു കടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് പ്രതീക്ഷിച്ച് എല്ലാ നിയന്ത്രണങ്ങളിലും ഇളവും നൽകി. 20 മുതൽ മാർക്കറ്റുകളും സജീവമായി. എന്നാൽ
ഏപ്രിൽ 23 ന് കോട്ടയം മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവറിലൂടെ കാെവിഡ് കോട്ടയത്തേയ്ക്ക് തിരിച്ചുവന്നു. അഞ്ചു ദിവസം കൊണ്ട് 18 പേർക്ക് രോഗം ബാധിച്ചു. ഇവരെല്ലാവരും ഏതാനും ദിവസങ്ങൾക്കു മുൻപാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗ വിമുക്തരായി വീട്ടിലേയ്ക്കു മടങ്ങിയത്. എന്നാൽ, 21 ദിവസം തികയും വരെ കോട്ടയം ജില്ല ഗ്രീൻ സോണിലേയ്‌ക്കു മാറില്ല. എങ്കിലും പൊടുന്നനെ പൊലീസ് പരിശോധന ഉപേക്ഷിച്ചു. പൊലീസ് പിക്കറ്റുകൾ പൊളിച്ചുമാറ്റി. രാത്രി കാലങ്ങളിൽ പ്രധാന കവലകളിൽ പോലും പൊലീസിനെ കാണാതായി. ഇതോടെ നിയമത്തെ ആദരിക്കുന്ന വളരെ കുറച്ചു പേർ ഒഴികെ മറ്റുള്ളവർ പൊതു ജീവിതത്തിലേക്ക് തിരികെ വന്നു. നിരത്തുകളിൽ വണ്ടികൾ കൊണ്ടു നിറഞ്ഞു.
ജാഗ്രത തുടരണം
സമ്പൂർണ കോവിഡ് വിമുക്തമായെങ്കിലും ജില്ലയിൽ ജാഗ്രത തുടരേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ ഉണ്ടാകും
പി.കെ സുധീർ ബാബു
ജില്ലാ കളക്‌ടർ