കോട്ടയം: പഴക്കടയിലേക്ക് തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് അടച്ചുപൂട്ടിയ കോട്ടയം മാർക്കറ്റ് തുറന്നു. ഇന്നലെ മുതൽ നിയന്ത്രണങ്ങളോടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നെങ്കിൽ ഇന്ന് രാവിലെ പത്തുമണിയോടെ പോക്കറ്റ് റോഡുകളിൽ നിന്നുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്ന ബാരിക്കേടുകൾ എടുത്തു മാറ്റി. ഇതോടെ സാധാരണ നിലയിലായി കോട്ടയം മാർക്കറ്റ്. വാഹനങ്ങളുടെ നീണ്ടനിര മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടു. മത്സ്യമാർക്കറ്റിലും സസ്യമാർക്കറ്റിലും തിരക്കായി. വാഹനങ്ങൾ പരിധിവിട്ട് എത്തിയതോടെ മാർക്കറ്റിനുള്ളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

കോടിമതയിലെ പ്രധാന കവാടത്തിലൂടെയാണ് വാഹനം കടത്തിവിട്ടിരുന്നതെങ്കിൽ ഇന്നുമുതൽ ഏത് റോഡിലൂടെയും ചരക്കുവാഹനങ്ങൾക്ക് മാർക്കറ്റിൽ കയറാം. നിരീക്ഷണങ്ങളോടെയാണ് ഇന്നലെ വരെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും അരിയും പച്ചക്കറിയുമായി എത്തിയിരുന്ന വാഹനങ്ങൾ പൊലീസ് കടത്തിവിട്ടിരുന്നത്. കൂടാതെ ഇതരസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തിയിരുന്ന ഡ്രൈവർമാരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.