കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിൽ പുതിയ കൊവിഡ് രോഗികളില്ല. പൊലീസ് പരിശോധനയിൽ അയവ് വരുത്തി. ഇതോടെ ജനം നഗരങ്ങളിലേക്ക് ഒഴുകിയെത്തി. കൂടുതൽ ആളുകളും എത്തുന്നത് ഇരുചക്ര വാഹനങ്ങളിലാണ്. കാറുകളിലും കൂടുതൽ ആളുകൾ എത്തി. എന്നാൽ കുടുംബസമേതം നഗരത്തിലെത്തിയവരെ പൊലീസ് മടക്കി അയച്ചു. വീട്ടിൽ ഇരുന്ന് മുഷിഞ്ഞ മക്കളെ നഗരം കാണിക്കാൻ എത്തിയവരും പൊലീസ് പരിശോധനയിൽ കുടുങ്ങി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു പേർ നിരീക്ഷണത്തിലുണ്ട്. വിദേശത്തു നിന്നും വന്ന ഒരാളും മംഗലാപുരത്തു നിന്നും എത്തിയ ഒരാളുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് കൊവിഡ് രോഗബാധയില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡി.എം.ഒ വ്യക്തമാക്കി.
ആകെ 315 പേരാണ് ഹോം ക്വാറന്റെയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ അധികവും വിദേശത്ത് നിന്നും എത്തിയവരാണ്. 710 പേരെ ഹോം ക്വാറന്റെയിൽ നിന്നും ഒഴിവാക്കി. 120 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 49 റിസൾട്ടും നെഗറ്റീവ് ആണ്. 71 ഫലങ്ങൾ ലഭിക്കാനുണ്ട്.
ഇന്നലെവരെ വിദേശത്ത് നിന്നും എത്തിയ 141 പേരെയാണ് ക്വാറന്റെയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1535 പേരും എത്തിയിട്ടുണ്ട്. ഇവരെയും ക്വാറന്റെയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും വീടുകളിലും കഴിയുന്ന ഇവർ കർശന നിരീക്ഷണത്തിലാണ്.