കോട്ടയം: കോവിഡ് പേടി അല്പമൊന്ന് മാറിയതോടെ കേരള കോൺഗ്രസിൽ പോരുമുറുകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള പോര് മറനീക്കി പുറത്തുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ടേമിൽ പി.ജെ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലക്ക് നല്കാൻ ധാരണയായിരുന്നുവെന്നാണ് ജോസഫ് പറയുന്നത്. എന്നാൽ അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിരുന്നില്ലെന്ന് ജോസ് വിഭാഗവും പറയുന്നു.
എന്തെങ്കിലും കരാർ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു. ഒരു കാരണവശാലും അജിത്തിന് സ്ഥാനം കൈമാറില്ലെന്ന് പരസ്യപ്രസ്താവന ജോസ് വിഭാഗം ഇറക്കിയതാണ് ഇപ്പോൾ ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ യു.ഡി.എഫിന്റെ ശക്തിയെ ദുർബലപ്പെടുത്താനാണ് ജോസഫ് ശ്രമിക്കുന്നതെന്നും മാതൃകാപരമായാണ് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം നടക്കുന്നതെന്നും ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യു.ഡി.എഫ് നേതൃത്വമാണ് ജോസഫുമായും ജോസുമായി സംസാരിച്ച് അനുരഞ്ജനം നടത്തിയതെന്നും അവർ ഇടപെട്ട് പ്രശ്നപരിഹാരം കാണട്ടെയെന്നും കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി പറഞ്ഞു.