pic

കോട്ടയം: ഇരവികുളത്ത് ഇക്കുറി 110 വരയാടിൻ കുഞ്ഞുങ്ങൾ പിറന്നെങ്കിലും ആസ്വദിക്കാൻ ടൂറിസ്റ്റുകളില്ല. ഏകാന്തതയിൽ തുള്ളിച്ചാടുകയാണ് ഈ കുഞ്ഞുങ്ങൾ. സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവർഷം പിറന്നിരുന്നതെങ്കിൽ ഇക്കുറി പിറന്നത് 110 കുഞ്ഞുങ്ങളാണെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി കേരള കൗമുദിയോട് വ്യക്തമാക്കി. ഉൾവനത്തിലാണ് സാധാരണ വരയാടുകൾ പ്രസവിക്കുന്നതെന്നും ഇക്കുറി വരയാടുകൾ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാനം പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാർഡൻ വ്യക്തമാക്കി. അതിനാൽ തന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കുഞ്ഞുങ്ങൾ കാര്യമായി നഷ്ടപ്പെട്ടിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

ശരാശരി നാലു ലക്ഷം വിനോദസഞ്ചാരികളാണ് ദേശീയോദ്യാനത്തിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞസീസണിൽ വിനോദ്സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. മഹാപ്രളയത്തെ തുടർന്ന് ഇരവികുളത്തേക്കുള്ള റോഡുകൾ തകർന്നതും മൂന്നാറിലെ ചെറിയപുഴ പാലം ഒലിച്ചുപോയതും ടൂറിസ്റ്റുകളുടെ വരവിന് വിഘാതമായി. വനംവകുപ്പിന്റെ ബസുകൾ സജ്ജമാക്കിയാണ് കഴിഞ്ഞ സീസണിൽ ടൂറിസ്റ്റുകളെ ഉദ്യാനത്തിൽ എത്തിച്ചത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി എത്തിയത് 1,34,957 ടൂറിസ്റ്റുക8 മാത്രമാണ്. സെപ്തംബറിൽ 55,443 ഉം ഒക്ടോബറിൽ 79,514 ഉം സഞ്ചാരികളാണ് എത്തിയത്. ഒക്ടോബർ മുതൽ ജനുവരിവരെയാണ് വരയാടുകളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത്. വിദേശത്തുനിന്നും വടക്കേ ഇന്ത്യയിൽ നിന്നുമാണ് കൂടുതൽ ടൂറിസ്റ്റുകൾ എത്തിയിരുന്നത്.

കൊവിഡിനെ തുടർന്ന് സർക്കാർ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് എൻ.ജി.ഒകളെയും വിദ്യാർത്ഥികളെയും ഒഴിവാക്കിയാണ് വരയാടുകളുടെ സെൻസസ് വനംവകുപ്പ് രേഖപ്പെടുത്തിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ 18 വനംവകുപ്പ് ഉദ്യോഗസ്ഥരും 70 വാച്ചർമാരും ചേർന്നാണ് അഞ്ചു ദിവസം നീണ്ടുനിന്ന സർവ്വേ ഏപ്രിൽ 20 ന് ആരംഭിച്ചത്. 730 വരയാടുകളെ രാജമലയിൽ മാത്രം കണ്ടെത്തി.

വരയാടുകളുടെ പ്രസവകാലം അടുത്തതിനാൽ കഴിഞ്ഞ ജനുവരി 20നാണ് ദേശീയോദ്യാനം അടച്ചത്. മാർച്ച് 19ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 പടർന്നതോടെ ഉദ്യാനം ഇതുവരെ തുറന്നിട്ടില്ല. ഇതോടെ ദേശീയോദ്യാനത്തിന് നഷ്ടപ്പെട്ടത് കോടികളാണ്. കഴിഞ്ഞവർഷം നടത്തിയ സർവേയിൽ രാജമല, മൂന്നാർ, മറയൂർ, മാങ്കുളം ഡിവിഷനുകളിൽ 1101 വരയാടുകളെ കണ്ടെത്തിയിരുന്നു. രാജമലയിൽ മാത്രം കുഞ്ഞുങ്ങളെ കൂടാതെ 710 ആടുകളെയും, മീശപ്പുലിമലയിൽ 270 എണ്ണത്തെയും കണ്ടെത്തിയിരുന്നു. 2016ൽ നടത്തിയ ഓൾ കേരള സർവേയിൽ ആകെ 1400 വരയാടുകളെയാണ് വിവിധ മേഖലകളിൽ കണ്ടെത്താനായത്.