കോട്ടയം: ലോക്ക് ഡൗണിലും കേരളാ കോൺഗ്രസ് ജോസ് -ജോസഫ് ഗ്രൂപ്പ് പോരിന് ലോക്കില്ല.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് പുതിയ തർക്കം .പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫ്എം.എൽ.എയും , ജോയി എബ്രഹാമും കോൺഗ്രസ് , യു.ഡി.എഫ് നേതൃത്വങ്ങൾക്ക് കത്ത് നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ടേമിൽ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയ്ക്ക് നൽകാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ധാരണയുണ്ടാക്കിയിരുന്നുവെന്ന് ജോസഫ് വിഭാഗം പറയുമ്പോൾ, ഇങ്ങനെയൊരു കരാറില്ലെന്ന് ആണയിടുന്നു ജോസ് വിഭാഗം നേതാക്കൾ.പോര് മുറുകുന്നതിനിടെ, ജോസിനൊപ്പമുള്ള പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ 14ന് ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചിട്ടുണ്ട് .യു.ഡി.എഫ് ധാരണ ലംഘിച്ച് തുടരുന്ന പ്രസിഡന്റിന് യോഗം വിളിക്കാൻ അവകാശമില്ലാത്തതിനാൽ തങ്ങൾ ബഹിഷ്കരിക്കുമെന്ന് ജോസഫ് വിഭാഗം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റിനെ മാറ്റണമെന്ന അനാവശ്യ വിവാദമുണ്ടാക്കി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നതെന്ന് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. എന്നാൽ,കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം നൽകാനുള്ള കരാർ സി.പി എമ്മുമായി ചേർന്ന് അട്ടിമറിച്ച ജോസ് വിഭാഗം സി.പി.എം ധാരണക്ക് വീണ്ടും ശ്രമിക്കുകയാണെന്നാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞ കടമ്പിലിന്റെ ആരോപണം..