പെരുന്നയിലെ കുടുംബവീടിനോട് ചേർന്നുള്ള തൊടിയിലുണ്ട് കൃഷ്ണപ്രസാദ്. കിളച്ചുമറിച്ചും ഉറച്ചമണ്ണ് തട്ടിപ്പൊടിച്ച് പാകപ്പെടുത്തിയും കുഴിയെടുത്ത് ചേനയും ചേമ്പും വാഴയും കപ്പയുമെല്ലാം നട്ടും. ചാണകപ്പൊടിയും പച്ചിലവളവും ചേർത്തുകൊടുത്തു. മുളച്ചുതുടങ്ങിയ വിളകൾ കൊവിഡ് കാലത്തും മനസിനെ പച്ചപ്പുള്ളതാക്കുന്നു!
........................................................................................................
കോട്ടയം: അഭിനയത്തിൽ മാത്രമല്ല കൃഷിയിലും നൂറുമേനികൊയ്ത നടൻ കൃഷ്ണപ്രസാദ് ലാലേട്ടന്റെ ആശിർവാദത്തോടെ ലോക്ക് ഡൗൺകാലത്ത് പുത്തൻമേഖലയിൽ വിത്തിട്ടിരിക്കുകയാണ്, കൃഷിയറിവുകൾ പകരാനായി ഒരു യൂ ട്യൂബ് ചാനൽ! 'കർഷകശ്രീ കൃഷ്ണപ്രസാദെ'ന്ന പേരിലുള്ള ചാനലിലെ ആദ്യ വീഡിയോ 24 മണിക്കൂർ തികയും മുന്നേ പതിനായിരങ്ങൾ കണ്ടു.
മണ്ണിന്റെ മണവും കർഷകന്റെ വിയർപ്പുമറിയാവുന്ന കൃഷ്ണപ്രസാദ് പതിറ്റാണ്ടുകളായി പായിപ്പാട്ടെ പാടത്ത് നാട്ടാർക്കൊപ്പം ചെളിയിലിറങ്ങി നിലമൊരുക്കി ഞാറ് നട്ടും കളപറിച്ചും പൊന്നുവിളയിച്ചപ്പോൾ 2010 ൽ മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു. ലോക്ക് ഡൗൺകാലത്ത് കൃഷ്ണപ്രസാദടക്കമുള്ളവർ നെല്ല് കൊയ്യാൻ യന്ത്രം കിട്ടാതെ ദുരിതത്തിലായത് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ടറിഞ്ഞ നടൻ ഉണ്ണി മുകുന്ദൻ കൃഷ്ണപ്രസാദിനെ മാതൃകയാക്കി കൃഷിക്കിറങ്ങിയതോടെയാണ് യൂ ട്യൂബ് ചാനൽ തുടങ്ങിക്കൂടെയെന്ന് സുഹൃത്തുക്കൾ ചോദിച്ചത്. വെള്ളവും വളവും നൽകാൻ നടൻ മോഹൻലാൽ കൂടിയുണ്ടെന്നറിഞ്ഞതോടെ മൂന്ന് ദിവസം കൊണ്ട് 'കർഷകശ്രീ കൃഷ്ണപ്രസാദ്' പിറവിയെടുത്തു. സുഹൃത്തുക്കളായ മഹേഷ്, അനൂപ് എന്നിവരാണ് കാമറയും എഡിറ്റിംഗും. തന്റെ ഫേസ് ബുക്ക് പേജിലൂടെ ചാനലിന്റെ ലിങ്ക് ഷെയർ ചെയ്ത് മോഹൻലാൽ തുടക്കമിട്ടു.
ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്ന ക്യാച്ച് വേഡിലുള്ള ആദ്യ വീഡിയോയിൽ നെൽകൃഷിയെക്കുറിച്ചും കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞു പോകുന്നു. തുടർ എപ്പിസോഡുകളിൽ മറ്റെല്ലാ കൃഷികളും ഉൾക്കൊള്ളിക്കും. ആദ്യമായാണ് സിനിമാ മേഖലയിൽ കൃഷിയുമായി ബന്ധപ്പെട്ടൊരു യൂ ട്യൂബ് ചാനൽ .
"യുവ തലമുറയ്ക്ക് അന്യമായ കൃഷിപരിജ്ഞാനം എന്റെ ചാനലിലൂടെ ലഭിച്ചാൽ സന്തോഷം. ഇനി വരാനിരിക്കുന്നത് ഭക്ഷ്യ ക്ഷാമത്തിന്റെ നാളുകളാണ്. കൃഷി ചെയ്ത് കോടീശ്വരനാകാൻ കഴിയില്ല. പക്ഷേ, പട്ടിണി മാറ്റാം. അതെങ്കിലും നമ്മുടെ തലമുറയ്ക്കായി ചെയ്യണം"
കൃഷ്ണപ്രസാദ്