കോട്ടയം: വിഷുക്കൈനീട്ടവും കുടുക്കപൊട്ടിച്ചതും ചേർത്തുള്ള അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ഏഴാം ക്ലാസുകാരൻ. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദറിലെ വിദ്യാർത്ഥി ഇളങ്ങുളം മുളയ്ക്കൽ അഡ്വ.വിനോദിന്റെയും മണിമല സഹകരണ ബാങ്ക് സെക്രട്ടറി മഞ്ജുവിനോദിന്റെയും മകൻ വി.ഋഷികേശാണ് പാവങ്ങൾക്ക് തന്നാലാവുന്ന സഹായമൊരുക്കിയത്. അമ്മാവനും ഉപഭോക്തൃ തർക്കപരിഹാര ഫോറം ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.മനുലാലിനൊപ്പം കളക്ടറുടെ ചേംബറിലെത്തിയ ഋഷികേശ് കളക്ടർ പി.കെ.സുധീർബാബുവിന് പണം കൈമാറി. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ആർ.ശ്രീധരൻ നായരുടെ ചെറുമകൻ കൂടിയാണ് ഋഷികേശ്.