തലയോലപ്പറമ്പ് : മക്കൾ സ്ഥലത്തില്ലാതിരുന്ന വൃദ്ധദമ്പതികൾക്ക് മരുന്ന് എത്തിച്ച് വെള്ളൂർ പൊലീസ്. പെരുവ നെല്ലിക്കാത്തുരുത്ത് വീട്ടിൽ
ഉലഹന്നാൻ-ചിന്നമ്മ ദമ്പതികൾക്കാണ് പൊലീസിന്റെ ഇടപെടൽ ആശ്വാസമായത്. ഉലഹന്നാൻ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ തീർന്നതിനെ തുടർന്ന് മുംബൈയിൽ താമസിക്കുന്ന ഇവരുടെ മകൻ ഫാ:ബിനോയ് പെരുവയിലെ ബി.ജെ.പി പ്രവർത്തകൻ സുനിക്കുട്ടനെ വിവരം അറിയിയ്ക്കുകയായിരുന്നു.
സാധാരണയായി കോഴിക്കോട് നിന്നുമാണ് മരുന്നുകൾ എത്തിച്ചിരുന്നത്. കോട്ടയം റെഡ്‌സോണിലായതിനാൽ കൊറിയർ വഴി മരുന്ന് എത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സുനിക്കുട്ടൻ വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചു. വെള്ളൂർ എസ്എച്ച് ഒ സി.എസ്.ദീപുവിന്റെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് നിന്നും ഹൈവേ പൊലീസിന്റെ സഹായത്തോടെ 24 മണിക്കൂറിനുള്ളിൽ മരുന്ന് പെരുവയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.