കോട്ടയം: പിന്നല്ല! മനുവിനും ഉണ്ണിക്കും ബംഗളൂരു ഇൻഫോസിസിലെ ഓഫീസ് ക്യാബിൻ ഇപ്പോൾ മണിമല ആലപ്രയിലെ ഏറുമാടത്തിലാണ്. കൊവിഡ് കാരണം വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാൻ കമ്പനി പറഞ്ഞപ്പോൾ രണ്ടുപേരും ഓർത്തു: എന്തെങ്കിലും ചെയ്ഞ്ച് വേണ്ടേ? ബന്ധുവായ രതീഷിന്റെ ഐഡിയയിൽ കുടുംബവീടിനോടു ചേർന്ന പറമ്പിൽ അങ്ങനെ ഏറുമാടമൊരുങ്ങി. രാവിലെ ലാപ്ടോപ്പുമായി ഏണി കയറി ഏറുമാടത്തിലിരുന്ന് ഡ്യൂട്ടിയിൽ ലോഗിൻ ചെയ്താൽ സൈൻ ഔട്ട് വരെ സുഖം, സ്വസ്ഥം.
ബംഗളൂരുവിലെ ഓഫീസ് തത്കാലത്തേക്ക് അടച്ച്, വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചപ്പോഴാണ് അടുത്ത ബന്ധുക്കൾ കൂടിയായ ആലപ്ര കുറ്റിപ്ളാവിൽ മനു വിജയ്യും കെ.എസ്. ഉണ്ണിയും തറവാട്ടിലെത്തിയത്. ഇൻഫോസിസിൽ സീനിയർ ഡിസൈനർ ആണ് മനു. ഉണ്ണി പ്രോസസ് സ്പെഷ്യലിസ്റ്റ്. വീട്ടിൽ മുറിയടച്ചിരുന്ന് ജോലി ചെയ്യുന്നത് മഹാ ബോറ്. ഓഫീസ് ക്യാബിൻ ഏറുമാടത്തിലായാലോ എന്ന് ബന്ധുവായ രതീഷ് ചോദിച്ചപ്പോൾ രണ്ടുപേരും അത് കൈയോടെ ലൈക്ക് ചെയ്തു.
കുടുംബവീടിനോടു ചേർന്ന പറമ്പിൽ അടുത്തടുത്ത നാലു മരങ്ങൾക്കരികിൽ തൂണുകളിട്ടു. പലകകൾ കൊണ്ട് തട്ട്. അയലത്തെ പറമ്പിൽ നിന്ന് ഈറ്റവെട്ടി ചീകിയെടുത്ത് അരികു മറച്ചു. മുളങ്കമ്പുകൾ ചേർത്ത് കഴുക്കോൽ കെട്ടിയപ്പോൾ, മേയാൻ ഓലയില്ല. മൂന്നു കിലോമീറ്റർ ദൂരെപ്പോയി തെങ്ങോലയും പനയോലയും സംഘടിപ്പിച്ചു. മൂന്നാഴ്ചത്തെ പണി തീർന്നപ്പോൾ ഓഫീസ് റെഡി. നല്ല കാറ്റ്, തൊട്ടടുത്ത് ഒഴുകുന്ന അരുവിയുടെ തണുപ്പ്, ഇടയ്ക്ക് മഴയുടെ ചെറുനനവ്. കുട്ടിക്കാലം തിരികെക്കിട്ടിയ ഫീൽ എന്നാണ് മനുവിന്റെയും ഉണ്ണിയുടെയും കമന്റ്.
വീഡിയോ കോൺഫറൻസ് ഉൾപ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഷെഡ്യൂളും ഇപ്പോൾ ഏറുമാടത്തിൽ. ബംഗളൂരുവിലെ സഹപ്രവർത്തകർ ഏറുമാടത്തിന്റെ വിഷ്വൽസ് കണ്ട് അന്തംവിട്ടിരിപ്പ്. ലോക്ക് ഡൗൺ തീർന്നാലുടൻ ആലപ്രയിലെ ഏറുമാടം കാമ്പസിലേക്ക് ട്രിപ്പ് പ്ളാൻ ചെയ്യുകയാണ് സുഹൃത്തുക്കൾ. നാട്ടുകാർക്കും കൗതുകം. മനുവിന്റെയും ഉണ്ണിയുടെയും ഹൈടെക് ഏറുമാടം ഇപ്പോൾ ആലപ്രയിലെ ഹോട്ട് ന്യൂസ്.