കോട്ടയം: സർക്കാർ ഓൺലൈൻ വഴി മദ്യവിൽപ്പന നടത്താൻ ആലോചിക്കും മുൻപ് തന്നെ തട്ടിപ്പുകാർ 'കച്ചവടം" തുടങ്ങി. ഒാൺലൈനിൽ ഒാർഡൽ ചെയ്യൂ, മദ്യം എത്തിക്കാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. വാട്‌സ് ആപ്പും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയാണ് തട്ടിപ്പു നടക്കുന്നത്. ജില്ലയിൽ നിന്ന് തട്ടിപ്പ് സംഘത്തിൻ്റെ നമ്പരുകളിലേയ്‌ക്ക് ആയിരത്തിലേറെ കോളുകൾ ചെന്നതായി സൈബർ സെൽ വ്യക്തമാക്കി. എന്നാൽ, പണം നഷ്‌ടമായതായി ആരും പരാതി നൽകിയിട്ടില്ല.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നാലെ ബാറുകളും ബിവറേജുകളും അടയ്‌ക്കുകയും ചെയ്‌തതോടെയാണ് സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പന ആരംഭിക്കുന്നതിനെപ്പറ്റി ചർച്ച ആരംഭിച്ചത്. ഇതിനു മുൻപ് തന്നെ തട്ടിപ്പ് സംഘവും തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.

ബിവറേജസ് കോർപ്പറേഷന്റേതിനു സമാനമായ രീതിയിലുള്ള പേരിൽ പോസ്റ്ററുണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വീടിന് അടുത്തുള്ള നഗരത്തിൽ മദ്യം എത്തിച്ചു നൽകുമെന്നാണ് വാഗ്‌ദാനം. മദ്യം ലഭിക്കാതെ വന്നതോടെ ഉപഭോക്താക്കൾ വാറ്റിലേയ്‌ക്ക് കടന്നിരുന്നു.. ഇതിനു ധൈര്യമില്ലാത്തവരെയാണ് ഒാൺലൈൻ വലയിൽ വീഴ്ത്തിയത്.

തട്ടിപ്പിന്റെ വഴി

സംസ്ഥാനത്തിന് പുറത്തു നിന്നുള്ള നമ്പരുകളാണ് സംഘം നൽകിയിരുന്നത്. ഈ നമ്പരിൽ വിളിക്കുമ്പോൾ അക്കൗണ്ട് നമ്പരും കാ‌ർഡിന്റെ നമ്പരും ആവശ്യപ്പെടും. തുടർന്ന് ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. ഒ.ടി.പി അയച്ചാലുടൻ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാകും. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് ജില്ലാ പൊലീസിന്റെ സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി.

ജില്ലാ സൈബർ

സെല്ലിന്

ലഭിച്ചത്

1000

പരാതികൾ

 തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് കേരളത്തിനു പുറത്ത്

 ബിവറേജസ് കോർപ്പറേഷന്റേതിനു സമാനമായ പോസ്റ്റർ

 അടുത്തുള്ള നഗരത്തിൽ മദ്യം എത്തിക്കുമെന്ന് വാഗ്‌ദാനം.

 കെണിയിൽ വീണാൽ മദ്യം കിട്ടില്ല, പക്ഷെ പണം പോകും

ഒാൺലൈൻ മദ്യവ്യാപാര തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത വേണം.തട്ടിപ്പ് സംഘം ബന്ധപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കണം.

സൈബർ സെൽ, ജില്ലാ പൊലീസ്