പൊന്‍കുന്നം: കേരളത്തിലെ പ്രബലസംഘടനയുടെ കിഴക്കന്‍മേഖലാ ഘടകത്തില്‍ നടന്നതാണ് ഈ സംഭവം. ലോക്ക്ഡൗണ്‍മൂലം ദുരിതത്തിലായ അംഗങ്ങള്‍ക്ക് സംഘടന ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണം നടത്തി. ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളുമെല്ലാം കൂടി ഓഫീസില്‍ വെച്ചാണ് കിറ്റ് നിറച്ചത്.സംഘടനയുടെ ഭാരം വഹിക്കുന്നതിനൊപ്പം ഒരു രാഷ്ട്രീയകക്ഷി ഉള്‍പ്പെടെ വിവിധ പ്രസ്ഥാനങ്ങളുടെ ഭാരംകൂടി വഹിക്കുന്ന ഒരുനേതാവുമുണ്ടായിരുന്നു കിറ്റ് നിറയ്ക്കാൻ.
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുള്ളതിനാല്‍ അംഗങ്ങള്‍ വളരെ കുറവും ഉള്ളവര്‍ സാമൂഹിക അകലംപാലിച്ച് മാസ്‌കും കൈയുറയും ധരിച്ചാണ് എത്തിയത്. കിറ്റെല്ലാം നിറച്ചുകഴിഞ്ഞപ്പോള്‍ നേതാവ് ഒതുക്കത്തില്‍ ഒരു കിറ്റെടുത്ത് മാറ്റി. കുറ്റം പറയരുതല്ലോ, അതിന് അൽപ്പം തൂക്കക്കൂടുതലുമുണ്ടായിരുന്നു. ഉപയോഗം കഴിഞ്ഞ് ഭിത്തിയില്‍ ചാരിവെച്ചിരുന്ന ഒരു ഫ്‌ളക്‌സ്‌ ബോര്‍ഡിനു പിന്നില്‍ കിറ്റ് തഞ്ചത്തിൽ ഒളിപ്പിച്ചു.

എന്നാൽ തല്‍സമയം ഒരു ആണ്‍കുട്ടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. യൂത്തിന്റെ ഭാരവാഹികൂടിയായ ഇയാൾ ഇതിന്റെ ചില ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും കൂട്ടുകാരനോട് പറയുകയും ചെയ്തു. പിന്നെ രണ്ടുപേരും ചേര്‍ന്ന് നേതാവിന് കൊടുത്തത് എട്ടിന്‍െയല്ല പത്തിന്റെ പണിയായിരുന്നു.
കിറ്റ് നിറച്ചതിനുശേഷം ബാക്കി വന്ന അവശിഷ്ടങ്ങള്‍ കളയാനായി ഒരു മൂലയില്‍ കൂട്ടിയിരുന്നു. ഇതെല്ലാം ചേര്‍ത്ത് ഇവര്‍ ഒരു കിറ്റുണ്ടാക്കി. നേതാവ് ഒളിപ്പിച്ച കിറ്റ് മാറ്റി പകരം ഈ മാലിന്യകിറ്റ് ബോര്‍ഡിനുപിന്നില്‍ വെച്ചു. ഒന്നും അറിയാത്തതുപോലെ തിരിച്ചുവന്ന് മറ്റുള്ളവര്‍ക്കൊപ്പംകൂടി. എല്ലാവരും പോയിക്കഴിഞ്ഞ് നേതാവ് കിറ്റ് എടുത്ത് വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. (വീട്ടിൽ ചെന്നിട്ട് എന്താണ് നടന്നതെന്നതിന് ദൃക്സാക്ഷികളാരുമില്ല. ശേഷം ചിന്ത്യം)